രണ്ടു ബില്ലുകളിൽ കൂടി ഒപ്പുവച്ച ശേഷം ഗവർണർ മഹാരാഷ്ട്രയ്ക്കു പോയി
Friday, December 1, 2023 2:37 AM IST
തിരുവനന്തപുരം: നിയമസഭ പാസാക്കിയ രണ്ടു ബില്ലുകളിൽ കൂടി ഒപ്പുവച്ച ശേഷം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മഹാരാഷ്ട്രയ്ക്കു പോയി. കഴിഞ്ഞ ജൂലൈ അഞ്ചിനു ചേർന്ന മന്ത്രിസഭായോഗം ശിപാർശ ചെയ്ത രണ്ടു പിഎസ്സി അംഗങ്ങളുടെ നിയമനവും ഗവർണർ അംഗീകരിച്ചു.
സുപ്രീംകോടതി നിർദേശിച്ച ധനവിനിയോഗ ബില്ലും ചില കോർപറേഷനുകളിലെയും കന്പനികളിലെയും നിയമനം പിഎസ്സിക്കു വിടുന്ന രണ്ടാം ഭേദഗതി ബില്ലുമാണ് ഇന്നലെ ഗവർണർ അംഗീകരിച്ചത്.
പിഎസ്സി അംഗങ്ങളായി ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായിരുന്ന ഡോ.ജോസ് ഡി.ഡിക്രൂസ്, അഭിഭാഷകനായ തിരുവനന്തപുരം തിരുമല സ്വദേശി എച്ച്.ജോഷ് എന്നിവരെ നിയമിക്കാനുള്ള മന്ത്രിസഭാ ശിപാർശയാണ് അംഗീകരിച്ചത്.
ഇനിയും ആറു ബില്ലുകളും രണ്ട് ഓർഡിനൻസുകളും ഗവർണർ ഒപ്പിടാനുണ്ട്. മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് മണികുമാറിനെ നിയമിക്കാനുള്ള ശിപാർശയിലും ഗവർണർ ഒപ്പുവച്ചിട്ടില്ല.
മഹാരാഷ്ട്രയിലേക്ക് പോയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡിസംബർ രണ്ടിന് രാത്രിയിൽ കൊച്ചിയിലെത്തും. കൊച്ചിയിലും കോട്ടയത്തും പൊതുപരിപാടികളിൽ പങ്കെടുത്ത ശേഷം അഞ്ചിനു തിരുവനന്തപുരത്ത് മടങ്ങിയെത്തും.