ജ്യോതിർഗമയ
Friday, December 1, 2023 2:37 AM IST
ഫാ. മൈക്കിൾ കാരിമറ്റം
ഡിസംബർ ഇരുപത്തഞ്ച് ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവദിനമാണ്. പാപത്തിൽ ആണ്ടുപോയ മനുഷ്യനെ മോചിക്കുന്നതിനുവേണ്ടി ദൈവംതന്നെ മനുഷ്യനായി അവതരിച്ചതിന്റെ ഓർമയാണ് ക്രിസ്മസ് എന്നു പൊതുവേ അറിയപ്പെടുന്ന ആ ദിവസം ആഘോഷിക്കുന്നത്.
അതിനൊരുക്കമായി നാലാഴ്ചകൾ മംഗളവാർത്തക്കാലം എന്ന പേരിൽ ക്രിസ്ത്യാനികൾ, പ്രത്യേകിച്ചും കത്തോലിക്കർ ആചരിക്കുന്നു. രക്ഷകന്റെ വരവിനുവേണ്ടി കാത്തിരിക്കുന്ന കാലമായതിനാൽ ആഗമനകാലം എന്നും രക്ഷകന്റെ വരവ് വലിയ സന്തോഷം നൽകുന്ന വാർത്തയായതിനാൽ മംഗളവാർത്തക്കാലം എന്നും ഈ നാലാഴ്ചകൾ അറിയപ്പെടുന്നു. എന്തേ നാലാഴ്ച എന്നു ചോദിച്ചേക്കാം.
ലോകചരിത്രത്തെ മൂന്നു ഘട്ടങ്ങളായി തിരിച്ചു കണക്കുകൂട്ടുന്നതിന്റെ ഫലമാണിത്. പ്രപഞ്ചസൃഷ്ടി മുതൽ രക്ഷാചരിത്രത്തിന്റെ തുടക്കംകുറിക്കുന്ന ഏബ്രഹാമിന്റെ വിളിവരെ ആദ്യഘട്ടം. ഏബ്രഹാമിന്റെ വിളി മുതൽ രക്ഷകന്റെ ജനനം വരെ രണ്ടാം ഘട്ടം. രക്ഷകന്റെ ജനനം മുതൽ രണ്ടാം വരവുവരെ മൂന്നാം ഘട്ടം. ഈ ഓരോ ഘട്ടത്തിലും രണ്ടായിരം വർഷങ്ങൾ എന്നു പൊതുവേ കണക്കാക്കുന്നു. വിശ്വാസത്തിന്റെ കാഴ്ചപ്പാടിലുള്ള ഒരു അവതരണരീതി മാത്രമാണിത്.
ആയിരം വർഷങ്ങൾക്ക് ഒരാഴ്ച എന്ന നിരക്കിൽ പ്രപഞ്ചസൃഷ്ടി മുതൽ രക്ഷകന്റെ ആഗമനം വരെയുള്ള അതിദീർഘമായ കാലഘട്ടത്തെ നാലാഴ്ചകളായി തിരിച്ച് മംഗളവാർത്തക്കാലം ആചരിക്കുന്നു. ദൈവികവും രക്ഷാകരവുമായ യാഥാർഥ്യങ്ങളെ ആരാധനക്രമത്തിന്റെ ഭാഗമായി പ്രതീകങ്ങളിലൂടെ അവതരിപ്പിച്ച് അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യുന്ന പ്രക്രിയയുടെ ഭാഗമാണ് ഈ കണക്കുകൂട്ടൽ.
രണ്ടായിരത്തിൽപ്പരം വർഷങ്ങൾക്കു മുന്പ് ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്കയച്ചു. ഈ രക്ഷകന്റെ ജനനം അനേകം പ്രവചനങ്ങളിലൂടെ നൂറ്റാണ്ടുകൾക്കു മുന്പേ ദൈവം മുൻകൂട്ടി അറിയിച്ചിരുന്നു. മിക്കവാറും എല്ലാ ലോകജനതകളിലും ഒരു രക്ഷകന്റെ വരവിനെക്കുറിച്ചുള്ള പ്രവചനങ്ങളും പ്രതീക്ഷകളും ഉണ്ട്. ഇത് ഏറ്റവും വ്യക്തമായി കാണുന്നത് ബൈബിളിലാണ്. ലോകരക്ഷകനായ ഈശോമിശിഹായുടെ ജന്മദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഈ പ്രതീക്ഷകളിലൂടെയും പ്രവചനങ്ങളിലൂടെയും കടന്നുപോകാനുള്ള ശ്രമമാണ് ഈ ലേഖന പരന്പര.