2016 മുതലുള്ള നിയമനങ്ങൾ ഉടൻ അംഗീകരിക്കണം: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Friday, December 1, 2023 2:37 AM IST
തിരുവനന്തപുരം: 2016 മുതലുള്ള മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കാസർഗോഡ് നിന്ന് ആരംഭിച്ച വിദ്യാദർശൻ യാത്ര ഇന്നലെ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്പിൽ എത്തിച്ചേർന്നപ്പോഴുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ കെട്ടിക്കിടക്കുന്ന നിയമന അംഗീകാര ഫയലുകൾ എത്രയും വേഗം തീർപ്പാക്കണം.
സമന്വയ പോർട്ടലിലുള്ള അശാസ്ത്രീയത നീക്കി സുതാര്യമാക്കണം. നിയമന അംഗീകാര ഫയലുകൾ അനാവശ്യമായി തടഞ്ഞുവയ്ക്കുന്ന ഉദ്യോഗസ്ഥരുടെ മേൽ നടപടിയെടുക്കണം, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെയും ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ അടിയന്തര അദാലത്തിലൂടെ തീർപ്പു കല്പിക്കുന്നത് അടക്കമുള്ള പ്രശ്ന പരിഹാരങ്ങളുണ്ട ാക്കണമെന്നും ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.
വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകർക്ക് ശന്പളം നൽകാതെ നോഷണലായി സർവീസ് കണക്കാക്കുന്ന പ്രവണത അവസാനിപ്പിക്കുക, നിലവിൽ സർവീസിലുളള അധ്യാപകരെ കെ - ടെറ്റിൽ നിന്നും ഒഴിവാക്കുക, ഉച്ച ഭക്ഷണത്തിനുള്ള തുക ഉടൻ വർധിപ്പിച്ച് നൽകുക, കോണ്ട്രിബ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, എല്ലാ യുപി, ഹയർ സെക്കൻഡറി സ്കൂളുകളിലും കായിക അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാനസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
നവംബർ 25ന് കാസർഗോഡ് നിന്നാണ് വിദ്യാദർശൻ യാത്ര ആരംഭിച്ചത്. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. വർഗീസ്, ട്രഷറർ മാത്യു ജോസഫ് എന്നിവരാണ് യാത്ര നയിച്ചത്. കേരളത്തിലെ വിവിധ രൂപതാകേന്ദ്രങ്ങളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ് യാത്ര കടന്നുവന്നത്.
വിവിധ കേന്ദ്രങ്ങളിൽ മാർ ജോസഫ് പാംപ്ലാനി, ഡോ. അലക്സ് വടക്കുംതല, സജി ജോസഫ് എംഎൽഎ, ഉമ തോമസ് എംഎൽഎ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയ പ്രമുഖർ അടക്കം നിരവധി പേർ യാത്രയ്ക്ക് സ്വീകരണം നൽകി.
തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്പിൽ നടന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ആന്റണി അറയ്ക്കൽ, ഫാ. ചാൾസ് ലെയോണ്, ഫാ. ജോസഫ് അനിൽ, സംസ്ഥാന ട്രഷറർ മാത്യു ജോസഫ്, ബിജു കുറുമുട്ടം, ജി. ബിജു, കോങ്ക്ളിൻ ജിമ്മി, സാബു തങ്കച്ചൻ , ഇഗ്നേഷ്യസ് ലെയോള എന്നിവർ പ്രസംഗിച്ചു.