മുഖ്യമന്ത്രിക്കുനേരേ യൂത്ത് കോണ്ഗ്രസ് കരിങ്കൊടി കാട്ടി
Saturday, December 2, 2023 1:08 AM IST
പട്ടാന്പി: പാലക്കാട് ജില്ലയിലേക്കു പ്രവേശിച്ച നവകേരള യാത്രയ്ക്കുനേരേ വിവിധ ഇടങ്ങളിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
കുളപ്പുള്ളിയിലെ പള്ളിയാലിൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാതയോഗത്തിനുശേഷം കാബിനറ്റ് വാഹനം ഷൊർണൂർ ചെറുതുരുത്തി ആറങ്ങോട്ടുകര വഴി ചാലിശേരിയിലേക്കു പോകുന്നതിനിടെയാണു വിവിധ സ്ഥലങ്ങളിൽ കരിങ്കൊടിപ്രതിഷേധം ഉണ്ടായത്.
ഷൊർണൂർ മയിൽവാഹനം കമ്മ്യൂണിറ്റി ഹാളിനു സമീപത്തായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിന്റെ ഒരു ഭാഗത്തുനിന്നു ബസിനുനേരേ കരിങ്കൊടി വീശി. പോലീസ് ഇടപെട്ട് പ്രവർത്തകരെ പിടിച്ചുമാറ്റി. യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും ഷൊർണൂർ സ്വദേശികളുമായ ആഷിക്, സജിത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുമിറ്റക്കോടും കൂട്ടുപാതയിലും യൂത്ത് കോണ്ഗ്രസ് കരിങ്കൊടി വീശി. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്ഗ്രസ് തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം. നഹാസ്, സുബ്രഹ്മണ്യൻ, സനോജ്, ലിജിത്ത്, ഇസ്മായിൽ, മോനായി, ഇജാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചാലിശേരിയിലെ പരിപാടി കഴിഞ്ഞ് പട്ടാന്പിയിലേക്കുള്ള യാത്രയിൽ പട്ടാന്പി കമാനം, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും കരിങ്കൊടി പ്രതിഷേധം നടന്നു. യൂത്ത് കോണ്ഗ്രസ് നേതാക്കളായ ജയശങ്കർ കൊട്ടാരത്തിൽ, ഷാഫി കാരക്കാട് തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.