നവകേരള സദസ്: വിചിത്ര നിർദേശവുമായി പോലീസ്; ആലുവയിലെ ഹോട്ടലുകളിൽ ഏഴിന് പാചകവാതകം ഉപയോഗിക്കരുത്
Saturday, December 2, 2023 1:08 AM IST
ആലുവ: നവകേരള സദസിനായി മുഖ്യമന്ത്രിയെത്തുന്ന ഏഴിന് ആലുവ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ഹോട്ടലുകളിൽ പാചകം പാടില്ലെന്ന വിചിത്ര നിർദേശവുമായി ആലുവ ടൗൺ പോലീസ്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. ഇതിനെതിരേ വ്യാപാരികളടക്കം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആലുവ നിയോജകമണ്ഡലത്തിലെ നവകേരള സദസ് സ്വകാര്യ ബസ് സ്റ്റാൻഡിനു പിന്നിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നടത്താനാണു തീരുമാനിച്ചിരിക്കുന്നത്. ഇവിടേക്ക് വാഹനങ്ങൾക്കു കയറാൻ ബസ് സ്റ്റാൻഡിന് ഉള്ളിലൂടെ മാത്രമേ കഴിയൂ.
അതിനാൽ ബസ് സ്റ്റാൻഡും പരിസരവും അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്റ്റാൻഡിലെ എല്ലാ വ്യാപാരശാലകളിലെയും ജീവനക്കാരുടെ വിവരശേഖരണം തുടങ്ങി. ഇവർക്കു താത്കാലിക തിരിച്ചറിയൽ കാർഡ് പോലീസ് നൽകും.
തൊഴിലാളികളുടെ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോയും ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിക്കണമെന്നാണ് ഉടമകൾക്കു നൽകിയ നിർദേശം.
പോലീസിന്റെ തിരിച്ചറിയൽ കാർഡ് ലഭിക്കാത്ത തൊഴിലാളികൾക്കു കടയിൽ അന്നേ ദിവസം ജോലി ചെയ്യാൻ അനുവാദം ഉണ്ടാകില്ല. ഈ നിർദേശങ്ങൾ അടങ്ങിയ കത്തിലാണ്, സമ്മേളനവേദിക്ക് അരികിലെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ഭക്ഷണം മറ്റുസ്ഥലങ്ങളിൽ തയാറാക്കി കടയിലെത്തിച്ച് വിൽക്കാമെന്നും ആലുവ ടൗൺ പോലീസ് പറയുന്നു.