സംരംഭങ്ങളൊന്നും വിജയിക്കാതെ പദ്മകുമാർ; ഭാരിച്ച കടം മാത്രം മിച്ചം
Sunday, December 3, 2023 1:27 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ആരംഭിച്ച സംരംഭങ്ങളൊന്നും വിജയിക്കാതെ ഭാരിച്ച കടം മാത്രമാണ് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന്റെ ബാലൻസ് ഷീറ്റിൽ. നാലായിരം ചതുരശ്ര അടിയോളം വിസ്തീർണമുള്ള ആഡംബര ഇരുനില വീടും ഭൂമിയും പദ്മകുമാറിന് സ്വന്തമായുണ്ട്.
പക്ഷേ ഒരു കോടിയോളം രൂപയുടെ കടബാധ്യതകളും ഉണ്ടെന്നാണ് അറിയുന്നത്. നെടുങ്ങോലത്തെ ഒരു സഹകരണ ബാങ്കിൽ 10 ലക്ഷത്തിലധികം രൂപയും മറ്റൊരു ബാങ്കിൽ 50 ലക്ഷം രൂപയും വായ്പാ കുടിശികയുണ്ട്. കൂടാതെ ലോൺ ആപ്പുകളിൽനിന്നും വായ്പ എടുത്തിട്ടുണ്ടെന്നറിയുന്നു.
ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാലയത്തിൽ പദ്മകുമാറിന്റെ മാതാപിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. കൊല്ലം ടികെഎം എൻജിനിയറിംഗ് കോളജിലെ ആദ്യ കംപ്യൂട്ടർ ബാച്ച് വിദ്യാർഥിയായിരുന്ന ഇയാൾ ഉന്നത നിലയിലാണ് വിജയിച്ചത്.
ചാത്തന്നൂരിൽ ഒരു കംപ്യൂട്ടർ സ്ഥാപനം ആരംഭിച്ചെങ്കിലും പിന്നീട് അത് അടച്ചുപൂട്ടി. കേബിൾ നെറ്റ്വർക്ക് ആരംഭിച്ചെങ്കിലും അത് മറ്റൊരാൾക്ക് വിൽക്കേണ്ടിവന്നു. ഫിഷ് സ്റ്റാൾ ആരംഭിച്ചെങ്കിലും വിജയിച്ചില്ല. ഇപ്പോൾ ചാത്തന്നൂർ ജംഗ്ഷനിൽ ഒരു ബേക്കറി ഉണ്ട്.
കടം വീട്ടാൻ പണം ഉണ്ടാക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. അധികമാരോടും അടുപ്പം പുലർത്താത്ത പദ്മകുമാർ സൗഹൃദമുള്ളവരോട് വളരെ സൗമ്യനായാണ് ഇടപെടുന്നത്.
പദ്മകുമാറിന്റെ ഭാര്യ അനിതകുമാരിയാണ് ചാത്തന്നൂരിലെ ബേക്കറി നടത്തുന്നത്. ഇവരുടെ മകൾ അനുപമ യൂ-ട്യൂബെറാണ്. അനുപമ പദ്മൻ എന്ന പേരിൽ പരിപാടികൾ അവതരിപ്പിക്കുന്ന അനുപമയ്ക്ക് അഞ്ചു ലക്ഷത്തോളം ഫോളോവേഴ്സുണ്ട്.
റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തുന്ന പദ്മകുമാറിന് തെങ്കാശി ജില്ലയിലും ഭൂമി ഉണ്ടെന്നറിയുന്നു. ആ ബന്ധങ്ങളാണ് ചെങ്കോട്ടയ്ക്കടുത്ത് പുളിയറയിൽ എത്താൻ കാരണമെന്ന് കരുതുന്നു.
കാർട്ടൂൺ കാണിച്ചതും നിർണായകമായി
കൊല്ലം: തട്ടിക്കൊണ്ട് പോകലിനു ശേഷം കുട്ടിയെ അവരുടെ വീട്ടിൽ എത്തിച്ച് കാർട്ടൂൺ കാണിച്ചെന്ന മൊഴിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രതികളിലേക്ക് എത്താൻ സഹായകമായി.
ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട കുട്ടിയെ പോലീസ് എത്തി കൊല്ലം എആർ ക്യാമ്പിൽ എത്തിച്ചതിനുശേഷം കാര്യങ്ങൾ തിരക്കിയപ്പോഴാണ് സംഘം കാർട്ടൂൺ കാണിച്ചു എന്ന വിവരം അറിയുന്നത്.
അപ്പോൾ തന്നെ സൈബർ വിദഗ്ധർ ടോം ആൻഡ് ജെറി എന്ന കാർട്ടൂൺ യൂട്യൂബിലൂടെ കണ്ട ഐപി അഡ്രസുകൾ ഇന്റർനെറ്റ് ഗേറ്റ് വേ വഴി ശേഖരിക്കുകയുണ്ടായി. ഇതുവഴി നിർണായക വിവരങ്ങൾ ലഭിച്ചു.
അക്ഷോഭ്യരായി പ്രതികൾ
കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതികളിൽ ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. കേരളത്തെ ഒന്നാകെ ആശങ്കയിലാക്കിയ ഒരു കേസിലെ പ്രതികളാണെന്ന കുറ്റബോധം ഇവരിൽ കാണാനായില്ല. മൂന്നുപേരും കൂസലില്ലാതെ പരസ്പരം സംസാരിക്കുകയും ചെയ്തു.
പ്രതികളെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ വൻ പ്രതിഷേധമാണുണ്ടായത്. ജനക്കൂട്ടം പ്രതികൾക്കെതിരേ കൂക്കി വിളിച്ചു എന്നു മാത്രമല്ല പോലീസിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
എഡിജിപി എം.ആർ. അജിത് കുമാർ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും പ്രതിഷേധം തുടർന്നു. പ്രതികളെ കൊട്ടാരക്കരയ്ക്കു കൊണ്ടുപോയ ശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്.
കൊട്ടാരക്കര കോടതി പരിസരത്തും പ്രതികളെ കാണാൻ നൂറുകണക്കിന് ആൾക്കാരെത്തി. പ്രതികളെ അടൂർ കെഎപി ക്യാമ്പിൽനിന്ന് കൊട്ടാരക്കര കോടതിയിൽ എത്തിക്കുന്നതുവരെ റോഡിനിരുവശവും വൻ സുരക്ഷയാണ് ഒരുക്കിയത്.