റബര്‍ ആക്ട്: റബര്‍ ബോര്‍ഡ് യോഗം വിളിക്കും
Wednesday, December 6, 2023 1:16 AM IST
കോട്ടയം: റബര്‍ ആക്ട് നടപ്പാക്കുമെന്നുറപ്പിച്ച് റബര്‍ ബോര്‍ഡ് യോഗം വിളിക്കുന്നു. റബര്‍ ആക്ടില്‍ ഭേദഗതികള്‍ വരുത്തുന്നതിന്റെ ഭാഗമായി കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ റബര്‍മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി തുറന്ന ചര്‍ച്ചകള്‍ക്കായി റബര്‍ ബോര്‍ഡ് യോഗങ്ങള്‍ നടത്തുന്നു.
ഇതുമായി ബന്ധപ്പെട്ട് റബര്‍മേഖലയിലെ വിവിധവിഭാഗങ്ങളെ പങ്കെടുപ്പിച്ചു ജൂലൈയില്‍ യോഗം നടത്തിയിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ചേര്‍ത്ത് മാറ്റം വരുത്തിയ റബര്‍ ബില്‍ വീണ്ടും ചര്‍ച്ചചെയ്യും.
11, 12, 14 തീയതികളിലാണു യോഗം ക്രമീകരിച്ചിരിക്കുന്നത്. 11നു കോട്ടയം ഇന്ത്യന്‍ റബര്ഗവേഷണ കേന്ദ്രം, 12നു കുലശേഖരം ഫൈന്‍ ആര്‍ട്സ് സെന്റര്‍ ഓഡിറ്റോറിയം, 14നു മംഗളൂരു ബാല്മട്ടയില് സഹോദയ പ്രോഗ്രാം സെന്റര്‍ എന്നിവിടങ്ങളിലാണ് യോഗങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. റബര്‍മേഖലയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട ഏവര്‍ക്കും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യാം.