രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ആര്‍ക്കെതിരേ? മുഖ്യമന്ത്രി
Wednesday, December 6, 2023 1:16 AM IST
തൃശൂര്‍: രാഹുല്‍ഗാന്ധി ആര്‍ക്കെതിരേയാണ് മത്സരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിക്കെതിരേയാണോ ഇടതുമുന്നണിക്കെതിരേയാണോ മത്സരിക്കേണ്ടതെന്നു കോണ്‍ഗ്രസ് തീരുമാനിക്കണം.
നവകേരള സദസിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്തുതന്നെയായാലും വയനാട്ടില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയുണ്ടാകും. ബിജെപിയാണോ എല്‍ഡിഎഫാണോ പ്രധാന ശത്രുവെന്നു കോണ്‍ഗ്രസാണ് ആലോചിക്കേണ്ടത്.
രാഹുല്‍ഗാന്ധി എവിടെ മത്സരിക്കണമെന്നു തീരുമാനിക്കാനുള്ള മുന്നണിയല്ല ‘ഇന്ത്യ’ സഖ്യം. അതു ബിജെപിക്കെതിരേയുള്ള കൂട്ടായ്മയാണ്.
തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ബിജെപിക്ക് ഒരു ചലനവും ഉണ്ടാക്കാനാകില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ചയില്ലെന്നും വിലയിരുത്തലുകള്‍ നടത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ടി.എന്‍. പ്രതാപന് അഭിനന്ദനം
കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരേ ലോക്സഭയില്‍ ടി.എന്‍. പ്രതാപന് എംപി നല്കിയ അടിയന്തര പ്രമേയ നോട്ടീസ് വൈകിവന്ന തിരിച്ചറിവാണെന്നും നല്ല നീക്കമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
തെറ്റു തിരുത്തുന്നതു നല്ലതാണ്. കോണ്‍ഗ്രസ് ഇതുവരെയുള്ള തെറ്റു തിരുത്താന്‍ ശ്രമിച്ചാല്‍ അതു സ്വാഗതാര്‍ഹമാണ്.
പ്രതിപക്ഷനേതാവിന് എന്തോ പറ്റി
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എന്തോ പറ്റിയിട്ടുണ്ടെന്നും അതേക്കുറിച്ച് ഞാനെന്തു പറയാനാണെന്നും മുഖ്യമന്ത്രി. നവകേരള സദസിനെക്കുറിച്ചു പ്രതിപക്ഷ നേതാവ് പറഞ്ഞതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. പറ്റുമെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തെ ഉപദേശിക്കൂ എന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഇതു പരാതികളല്ല, നിവേദനങ്ങള്‍
പരാതികളല്ല, ലഭിക്കുന്നതു നിവേദനങ്ങളാണെന്നു മുഖ്യമന്ത്രി. ഇത്രയധികം പരാതികള്‍ വരുന്നതിന്റെ കാരണം ഉദ്യോഗസ്ഥര്‍ സമയത്തു കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതുകൊണ്ടല്ലേ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
പരാതികളും നിവേദനങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ഉദ്യോഗസ്ഥര്‍ കാര്യക്ഷമമല്ലാത്തതുകൊണ്ടല്ല നിവേദനങ്ങള്‍ വര്‍ധിക്കുന്നതെന്നും അങ്ങനെ നിവേദനങ്ങള്‍ കുന്നുകൂടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പതിനേഴായിരത്തിലധികം നിവേദനങ്ങൾ തൃശൂര്‍ ജില്ലയിലെ ആദ്യദിനത്തില്‍ ലഭിച്ചു. കണ്ണൂരില്‍ നിവേദനങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അതില്‍ വസ്തുതയില്ലെന്നായിരുന്നു മറുപടി.