ക്രൈസ്തവര്‍ തഴയപ്പെടുന്നത് ഗൗരവമായി കാണണം: കെസിബിസി
Thursday, December 7, 2023 1:39 AM IST
കൊച്ചി: അതിവേഗം മാറുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ ക്രൈസ്തവര്‍ തഴയപ്പെടുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ ഗൗരവത്തോടെ കാണണമെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി. ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജെ.ബി. കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്നും പാലാരിവട്ടം പിഒസിയില്‍ സമാപിച്ച കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു.
കോശി കമ്മീഷന് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് നാളിതുവരെ പ്രസിദ്ധീകരിക്കാത്തതിനാല്‍ അതിലെ കണ്ടെത്തലുകളും വിലയിരുത്തലുകളും എന്തെന്ന് പൊതുസമൂഹത്തിന് അറിയാനായിട്ടില്ല. കമ്മീഷന് ചൂണ്ടിക്കാണിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ സഭാവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തയാറാകണം.
പുതിയ പ്രവണതകളെ വിവേചിക്കണം
സമൂഹത്തില്‍ അതിവേഗം സ്വാധീനിക്കപ്പെടുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നതുമായ സ്വവര്‍ഗ വിവാഹം, ഗര്‍ഭഛിദ്രം, ലിവിംഗ് ടുഗെതര്‍ തുടങ്ങിയ ചിന്താഗതികള്‍ പരമ്പരാഗത സാമൂഹിക ജീവിതധാരകളെ കീഴ്മേല്‍ മറിക്കുന്നതും ദൂരവ്യാപകമായ അരാജകത്വം സൃഷ്ടിക്കുന്നതുമാണ്. ഇത്തരം ചിന്താധാരകളെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യരചനകളും സിനിമ, നാടകം, സീരിയല്‍ തുടങ്ങിയവയും വര്‍ധിച്ച തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇവ പുതുതലമുറയെ ഗണ്യമായി സ്വാധീനിക്കുന്നവയാണ്. സുസ്ഥിര സമൂഹ നിര്‍മിതിക്ക് എത്രമാത്രം ഇവ സഹായകമാകുമെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. സമൂഹത്തില്‍ എല്ലാവര്ക്കും അവരവരുടേതായ ഇടം നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ പ്രവണതകളെ യുവസമൂഹം വിലയിരുത്തുകയും വിവേചിക്കുകയും വേണം.
2024 യുവജനവര്‍ഷം
കേരള സഭാ നവീകരണത്തിന്റെ രണ്ടാം ഘട്ടമായ 2024 ‘യുവജന വര്‍ഷമായി’ ആചരിക്കും. യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്റെയും ചൈതന്യമാണ്. സഭ അവരെ നെഞ്ചോടു ചേര്‍ത്തുപിടിക്കണം. കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ തങ്ങളുടെ ദൗത്യം സമൂഹത്തില്‍ നിര്‍വഹിക്കാനും രാഷ്ട്രനിര്‍മാണത്തില്‍ ഗൗരവതരമായ ഇടപെടല്‍ നടത്താനും യുവജനങ്ങള്‍ക്കാകണം. ശാസ്ത്രം, വിശ്വാസം, രാഷ്ട്രീയം, സാഹിത്യം, കല, അധ്യാപനം, സാമൂഹിക സേവനം, മാധ്യമം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിലുള്ള തങ്ങളുടെ നൈപുണി സമൂഹ നിര്‍മിതിക്കുവേണ്ടി വ്യയം ചെയ്യുന്നതിലൂടെ യുവത്വം ഫലദായകമായ കാലമാക്കുന്നതിന് അവര്‍ക്ക് സാധിക്കും. യുവജനങ്ങളുടെ ബൗദ്ധിക സമ്പത്ത് രാജ്യത്തിനു നഷ്ടമാകാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടുന്നതിന് ഭരണാധികാരികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
വൈദിക, സന്യസ്ത പരിശീലനം
വൈദിക-സന്യസ്ത രൂപീകരണത്തില്‍ കാലോചിതമായ നവീകരണം ആവശ്യമാണ്. അക്കാദമിക് മികവും പക്വതയും ആത്മീയതയും നീതിബോധവും സാമൂഹികാവബോധവും ഉള്ളവരായിക്കണം വൈദിക-സന്യസ്ത വിദ്യാര്‍ഥികള്‍. ലിംഗസമത്വത്തെക്കുറിച്ചും സമൂഹത്തില്‍ ഉണ്ടാകുന്ന പുതിയ പ്രവണതകളെക്കുറിച്ചും അവര്‍ക്ക് അവബോധമുണ്ടാകണം. സഭയുടെയും രാജ്യത്തിന്റെയും നിയമവ്യവസ്ഥകളെക്കുറിച്ച് പരിജ്ഞാനമുള്ളവരായി വേണം അവര്‍ തങ്ങളുടെ സമര്‍പ്പണ ജീവിതം നയിക്കേണ്ടത്. അതിനു സഹായകരമായ പദ്ധതികളായിരിക്കണം സെമിനാരികളിലും സന്യസ്ത പരിശീലന കേന്ദ്രങ്ങളിലും ക്രമീകരിക്കേണ്ടത്.
കാര്‍ബണ്‍ ന്യൂട്രല്‍ ഇടവകകള്‍
കാലാവസ്ഥാ വ്യതിയാനം യാഥാര്ഥ്യമായിരിക്കുന്നെന്ന വസ്തുത പരക്കെ എല്ലാവര്ക്കും ബോധ്യമായിരിക്കുകയാണ്. ഇടവകകള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. വര്‍ഷങ്ങള്‍ക്കുമുമ്പ് 2012ല്‍ തന്നെ കെസിബിസി ഇക്കാര്യത്തിലുള്ള സഭയുടെ നയം, ‘പച്ചയായ പുൽതകിടിയിലേക്ക്’ എന്ന രേഖയിലൂടെ വ്യക്തമാക്കിയതാണ്. ഫ്രാന്‍സിസ് മാർപാപ്പയുടെ ഏറ്റവും പുതിയ ‘ലൗദാത്തേ ദേവും’ എന്ന രേഖയില്‍ പരിസ്ഥിതിയുടെ ശുശ്രൂഷകര്‍ എന്ന നിലയില്‍ മനുഷ്യര്‍ വര്‍ത്തിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നുണ്ട്. ഓരോ ഇടവകയും ഗ്രീന്‍ ഓഡിറ്റിംഗ് നടത്തി തങ്ങളുടെ ഇടവകകള്‍ പരിസ്ഥിതിക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കണം. പൊതുസമൂഹത്തില്‍ വലിയ അവബോധം സൃഷ്ടിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ സഭാംഗങ്ങള്‍ താത്പര്യമെടുക്കുകയും വേണം.
മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കണം
മാസങ്ങളായി മണിപ്പുരില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കു ശമനമുണ്ടായിട്ടില്ലായെന്നത് ആശങ്ക ജനിപ്പിക്കുന്നു. നിരാലംബരും പുറംതള്ളപ്പെട്ടവരുമായി ക്യാമ്പുകളില്‍ കഴിയുന്ന കുഞ്ഞുങ്ങളും സ്ത്രീകളുമുള്‍പ്പെടെയുള്ള അനേകായിരങ്ങള്‍ക്ക് പ്രതീക്ഷ നൽകുന്നവിധം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവിടെ എത്രയുംവേഗം സമാധാനം ഉറപ്പാക്കാനും സാധാരണ ജീവിതത്തിലേക്ക് ജനങ്ങള്‍ക്ക് പ്രവേശിക്കാനും ഉതകുന്ന അന്തരീക്ഷം സംജാതമാക്കപ്പെടണം.
വന്യജീവി ആക്രമണം
പട്ടണങ്ങളിലും മനുഷ്യര്‍ സമാധാനത്തോടെ വിശ്രമിക്കുന്ന വീട്ടകങ്ങളിലും വന്യജീവികള്‍ യഥേഷ്ടം കടന്നുവരുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. കൃഷികള്‍ നശിപ്പിക്കുന്നവയും സമൂഹത്തിന്റെ സമാധാനം കെടുത്തുന്നവയുമായ ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
മൂന്നു ദിവസമായി നടന്ന സമ്മേളനത്തിൽ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന വിവിധ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകളും വിശകലനങ്ങളും നടത്തിയെന്ന് ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.