മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് പുനഃപരിശോധിക്കണം; ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി
Thursday, December 7, 2023 1:39 AM IST
ചാരുംമൂട് ( ആലപ്പുഴ): നൂറനാട് മറ്റപ്പള്ളി മലയിൽ നിന്നു മണ്ണെടുക്കാൻ നൽകിയ അനുമതി പുനഃപരിശോധിക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
സെസ് പഠന റിപ്പോർട്ട് പൂർണമായും അവഗണിച്ചാണ് ജിയോളജി വകുപ്പ് മണ്ണെടുക്കാൻ അനുമതി നൽകിയതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട് . മണ്ണെടുപ്പിനെതിരേ ശക്തമായ ജനകീയ പ്രക്ഷോഭം നടന്നു വരുന്നതിനിടെ വന്നിട്ടുള്ള കളക്ടറുടെ റിപ്പോർട്ട് സമരസമിതിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഹൈക്കോടതി പോലീസ് സംരക്ഷണത്തിന് ഉത്തവിട്ടതോടെയായിരുന്നു കരാറുകാരൻ പോലീസ് കാവലിൽ മണ്ണെടുപ്പ് തുടങ്ങിയിയത്. ഇതിനെതിരേ ഉയർന്നു വന്ന ശക്തമായ ജനകീയ പ്രക്ഷോഭം മുൻനിർത്തി മന്ത്രി പി. പ്രസാദ് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലാണ് മണ്ണെടുപ്പിനുള്ള അനുമതി സംബന്ധമായ മുഴുവൻ കാര്യങ്ങളും പരിശോധിച്ച് സമഗ്രമായ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവേലിന് നിർദേശം നൽകിയത്.
കഴിഞ്ഞ 17ന് അദ്ദേഹം സ്ഥലത്തെത്തി പരിശോധന നടത്തുകയും നാട്ടുകാരുടെ പരാതി കേൾക്കുകയും ചെയ്തിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദേശങ്ങളും സെസ് പഠന പെർമിറ്റ് നൽകുന്നതിന് പരിശോധനാ വിധേയമായിട്ടില്ലെന്ന് കാണുന്നതായും റിപ്പോർട്ടിലുണ്ട്.
അനുമതി നൽകിയ ഭൂമിയിൽ നിന്നു തന്നെയാണ് കരാറുകാരൻ മണ്ണെടുത്തതെന്നും ഇവിടം ജനവാസമേഖലയാണെന്നും ഖനന സ്ഥലത്തിന് തൊട്ടടുത്തായുള്ള വാട്ടർ ടാങ്കിലേക്കുള്ള ദൂരം 279.5 മീറ്ററാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതിനാൽ മണ്ണെടുക്കാൻ നൽകിയിട്ടുള്ള അനുമതി പുനഃപരിശോധിക്കണമെന്നും എസ്ഒപി പാലിച്ചും നിബന്ധനകൾക്ക് വിധേയമായും മാത്രമേ ഇത്തരത്തിലുള്ള പെർമിറ്റുകൾ അനുവദിക്കാവു എന്നും കളക്ടറുടെ ശിപാർശയിലുണ്ട്.