ഒറ്റപ്പാലം സ്വദേശിനിക്ക് 22 ലക്ഷത്തിന്റെ യുഎഇ പുരസ്കാരം
Friday, December 8, 2023 6:03 AM IST
ഒറ്റപ്പാലം: യുഎഇയുടെ ലേബർ മാർക്കറ്റ് അവാർഡ് ഒറ്റപ്പാലം ലക്കിടി സ്വദേശിക്ക്. ദുബായ് സിഎംസി ആശുപത്രിയിലെ ക്ലീനിംഗ് തൊഴിലാളിയായ പ്രമീള കൃഷ്ണനാണ് അവാർഡ് ലഭിച്ചത്. ഒരു ലക്ഷം ദിർഹമാണ് (22 ലക്ഷത്തിലേറെ രൂപ) പുരസ്കാരം.
അബുദാബിയിൽ നടന്ന ചടങ്ങിൽ പ്രമീള കൃഷ്ണന് യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അധികൃതർ പുരസ്കാരം കൈമാറി. 13 വർഷമായി ദുബായിലുള്ള പ്രമീളയുടെ കഥ മലയാളത്തിൽതന്നെ തൊഴിൽമന്ത്രാലയം പങ്കുവച്ചു.
ആദ്യമായാണ് യുഎഇ തൊഴിൽ മന്ത്രാലയം മൊത്തം 90 ലക്ഷം ദിർഹം മതിക്കുന്ന ലേബർ മാർക്കറ്റ് അവാർഡ് സമ്മാനിക്കുന്നത്. 28 വിഭാഗങ്ങളിലായി നൽകുന്ന പുരസ്കാരങ്ങളിൽ അദർ പ്രഫഷണൽ ലെവൽ വിഭാഗത്തിലാണ് പ്രമീള കൃഷണൻ അവാർഡിന് അർഹയായത്.
പതിമൂന്നു വർഷം മുമ്പ് സഹോദരൻ പ്രസാദാണ് പ്രമീളയ്ക്ക് പ്രവാസത്തിന് അവസരമൊരുക്കിയത്. തനിക്ക് ജോലി നൽകിയ കനേഡിയൻ മെഡിക്കൽ സെന്ററിനോടും (സിഎംസി) യുഎഇ എന്ന രാജ്യത്തോടും തനിക്കു വലിയ കടപ്പാടുണ്ടെന്നു പ്രമീള പറഞ്ഞു.