പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
Friday, December 8, 2023 6:03 AM IST
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ലോക്സഭയില്‍ ടി.എന്‍. പ്രതാപന് എംപിയുടെ ചോദ്യത്തിനു രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ടോള്‍ കമ്പനിയെ പിരിച്ചുവിടാന്‍ ദേശീയപാത അഥോറിറ്റി ഉത്തരവിട്ടിരുന്നതായും മന്ത്രി അറിയിച്ചു.
2008ലെ യൂസര്‍ ഫീ പ്ലാസ ചട്ടപ്രകാരം അഥോറിറ്റിക്കു യുക്തമെന്നു തോന്നിയാല്‍ 60 കിലോമീറ്ററിനുള്ളില്‍ രണ്ടാമതൊരു ടോള്‍ പ്ലാസ തുറക്കാമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 60 കിലോമീറ്റര്‍ ദൂരപരിധിയില്‍ ഒരു ടോള്‍ പ്ലാസ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന നിതിന്‍ ഗഡ്കരിയുടെ നേരത്തേയുള്ള പ്രസ്താവനയെ മുന്‍നിര്‍ത്തിയാണ് ടി.എന്‍. പ്രതാപന് ഇങ്ങനെയൊരു ചോദ്യം രേഖാമൂലം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. നിലവില്‍ പന്നിയങ്കരയില്‍ ദേശീയപാത അഥോറിറ്റി പുതിയ ടോള്‍ പ്ലാസ ആരംഭിച്ചിട്ടുണ്ട്. ഇവിടെനിന്ന് 60 കിലോമീറ്റര്‍ ദൂരപരിധിയില്തന്നെയാണ് പാലിയേക്കര ടോൾപ്ലാസയും ഉള്ളത്. ഇതിനു പുറമെ നിരവധി ആരോപണങ്ങളും പാലിയേക്കര ടോള്‍ പ്ലാസയ്ക്കെതിരേ ഉയര്‍ന്നിരുന്നു.
ഈ വര്‍ഷം നവംബര്‍ 30 വരെ ടോള്‍ കമ്പനി പിരിച്ചെടുത്തത് 1,299.59 കോടി രൂപയാണെന്നു മന്ത്രി നല്കിയ രേഖയില്‍ വ്യക്തമാക്കുന്നു. അതേസമയം, 215 കോടി രൂപ ദേശീയപാത അഥോറിറ്റിക്ക് നെഗറ്റീവ് ഗ്രാന്റായി നല്കാനുണ്ടായിരുന്നതില് ടോള്‍ കമ്പനി വീഴ്ചവരുത്തി.
ആറു ഗഡുക്കളായി അടയ്ക്കേണ്ടിയിരുന്ന ഈ തുകയില്‍നിന്ന് 15 കോടി മാത്രമാണ് നല്‍കിയിരുന്നത്. ഇതുകൂടാതെ, നിരവധി കരാര്‍ലംഘനങ്ങളും അറ്റകുറ്റപ്പണികള്‍ നടത്താത്തതും മുന്‍നിര്‍ത്തി ഈ വര്‍ഷം ഏപ്രില്‍ 13നാണ് നിലവിലെ ടോള്‍ കമ്പനിയെ പിരിച്ചുവിട്ടുകൊണ്ടുള്ള ദേശീയപാത അഥോറിറ്റിയുടെ ഉത്തരവുണ്ടായത്.
എന്നാല്‍, ഏപ്രില്‍ 21 ന് ഈ ഉത്തരവിനെതിരേ കമ്പനി ആര്ബിട്രേഷന് ട്രിബ്യൂണലില്‍നിന്ന് സ്റ്റേ സമ്പാദിച്ചതായി മന്ത്രി വ്യക്തമാക്കി.