മേളയിൽ പ്രദർശിപ്പിക്കുന്നത് 81 രാജ്യങ്ങളിൽനിന്നുള്ള 175 സിനിമകൾ
Friday, December 8, 2023 6:26 AM IST
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി പ്രദർശിപ്പിക്കുന്നത് 81 രാജ്യങ്ങളിൽനിന്നുള്ള 175 സിനിമകൾ. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 62 സിനിമകളാണ് ഇക്കുറിയുള്ളത്.
ഇവയിൽ 26 എണ്ണം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കറിനായി വിവിധ രാജ്യങ്ങൾ തെരഞ്ഞെടുത്ത ഔദ്യോഗിക എൻട്രികളാണ്. 12000 ഡെലിഗേറ്റുകൾ മേളയിൽ പങ്കെടുക്കും. പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് മേളയുടെ സമാപനച്ചടങ്ങിൽ സമ്മാനിക്കും.
കണ്ട്രി ഫോക്കസ് വിഭാഗത്തിൽ ആറു ക്യൂബൻ ചിത്രങ്ങളാണുള്ളത്. ക്യൂബൻ സംവിധായകരായ ഹോർഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗിൽ, നിർമാതാവ് റോസ മരിയ വാൽഡസ് എന്നിവർ മേളയിൽ അതിഥികളായെത്തുന്നുണ്ട്.