‘വിവാഹവാഗ്ദാനം നല്കി എന്റെ ജീവിതം തകർക്കുകയായിരുന്നു ലക്ഷ്യം’
Friday, December 8, 2023 6:26 AM IST
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി തന്റെ ജീവിതം തകർക്കുകയായിരുന്നു അവന്റെ ലക്ഷ്യമെന്ന് ആത്മഹത്യ ചെയ്ത യുവഡോക്ടർ ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ടെന്നു പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ‘സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്.
ഒന്നര കിലോ സ്വർണവും ഏക്കറുകണക്കിനു ഭൂമിയും നല്കാൻ എന്റെ വീട്ടുകാർക്കു കഴിയില്ലെന്നതു സത്യമാണ്.’ ഇത്തരം പരാമർശങ്ങൾ ആത്മഹത്യാക്കുറിപ്പിൽ ഉള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഷഹനയുടെ സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി റുവൈസിന്റെ പേരും ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. റുവൈസിന്റെ ഫോണിലേക്കു ഷഹന അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്.
കുറ്റകൃത്യത്തിൽ പങ്കുള്ളവരെക്കുറിച്ച് അന്വേഷിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ റിമാൻഡ് ചെയ്യണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രോസിക്യൂഷനു വേണ്ടി എപിപി പ്രവീണ്‍ കുമാർ ഹാജരായി.