ട്വന്റി 20-ആം ആദ്മി പാർട്ടി സഖ്യം പിരിച്ചുവിട്ടു
Friday, December 8, 2023 6:39 AM IST
കിഴക്കമ്പലം: ട്വന്റി 20 യും ആം ആദ്മി പാർട്ടിയും തമ്മിലുള്ള പീപ്പിൾസ് വെൽഫയർ അലയൻസ് (പിഡബ്ല്യുഎ) രാഷ്ട്രീയസഖ്യം പിരിച്ചുവിട്ടതായി ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് അറിയിച്ചു. 2022 മേയ് 15ന് കിഴക്കമ്പലം കിറ്റെക്സ് ഗ്രൗണ്ടിൽ നടന്ന മഹാസമ്മേളനത്തിൽ ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളും ചേർന്നാണു പീപ്പിൾസ് വെൽഫയർ അലയൻസ് (പിഡബ്ല്യുഎ) എന്ന സഖ്യം കേരളത്തിൽ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഒന്നര വർഷമായിട്ടും മുന്നണിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോ പൊതുമിനിമം പരിപാടി തയാറാക്കുന്നതിനോ കഴിഞ്ഞിട്ടില്ല.
സംഘടനാപരവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങൾകൊണ്ടാണു രണ്ടു പാർട്ടികൾക്കും ആശയപരമായി യോജിച്ചു പ്രവർത്തിക്കാൻ കഴിയാതിരുന്നത്. ഈ സാഹചര്യത്തിൽ, പീപ്പിൾസ് വെൽഫയർ അലയൻസ് (പിഡബ്ല്യുഎ) എന്ന സഖ്യം തുടരുന്നത് രാഷ്ട്രീയമായും സംഘടനാപരമായും ട്വന്റി20 യ്ക്ക് ഗുണകരമാകില്ലന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടതായി വന്നതെന്ന് സാബു എം.ജേക്കബ് പറഞ്ഞു.