കിഫ്ബി മസാല ബോണ്ട്: റോവിംഗ് എൻക്വയറി നടത്താനാവില്ലെന്നു ഹൈക്കോടതി
Saturday, December 9, 2023 1:34 AM IST
കൊച്ചി: കിഫ്ബി മസാല ബോണ്ട് സംബന്ധിച്ചു റോവിംഗ് എന്‍ക്വയറി(ചുറ്റിത്തിരിയുന്ന അന്വേഷണം) നടത്താനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം നടത്തി കാര്യമെന്തെന്ന് അറിയിക്കാനും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) ഹൈക്കോടതി നിര്‍ദേശിച്ചു. ഇഡി നടത്തുന്ന അന്വേഷണത്തെ ചോദ്യംചെയ്തു കിഫ്ബിയും മുന്‍ മന്ത്രി തോമസ് ഐസക്കും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ നിര്‍ദേശം.
ഏഴു തവണ കിഫ്ബിയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. രേഖകള്‍ പരിശോധിച്ച് അന്വേഷണം തുടരണോയെന്ന് അറിയിക്കാനാണു കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ മുന്‍ മന്ത്രി തോമസ് ഐസക് ഇതുവരെ ഇഡിക്കു മുമ്പില്‍ ഹാജരായിട്ടില്ലെന്ന് ഇഡിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്.എല്‍. സുന്ദരേശന് വാദിച്ചു. പരാതിയുടെ അടിസ്ഥാനത്തിലാണു അന്വേഷണമെന്നും വ്യക്തമാക്കി.
തോമസ് ഐസക് കിഫ്ബിയുടെ വൈസ് ചെയര്മാന് മാത്രമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ കോടതി, രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണം കിഫ്ബിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിന്റെ ഫലം നിങ്ങള്‍ ചിന്തിക്കുന്നതിനപ്പുറമാണെന്ന് അഭിപ്രായപ്പെട്ട കോടതി വിഷയം 14ന് വീണ്ടും പരിഗണിക്കും.