ലോക്സഭ തെരഞ്ഞെടുപ്പ് : ചര്‍ച്ചകളിലേക്കു കടന്ന് എന്‍ഡിഎ
Sunday, December 10, 2023 1:32 AM IST
കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ വികസിത സങ്കല്‍പ്പയാത്രയോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്തരുതെന്ന നിര്‍ബന്ധ ബുദ്ധിയാണ് പിണറായി സര്‍ക്കാരിനുള്ളതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോട്ടയത്തു ചേര്‍ന്ന എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം എല്ലാ ക്രൈസ്തവ ഭവനങ്ങളിലുമെത്തിക്കും.
സംസ്ഥാനത്ത് മതേതരത്വത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന സമീപനമാണ് ഇടത്-വലത് മുന്നണികള്‍ സ്വീകരിക്കുന്നത്. ഇതിനെതിരേ എന്‍ഡിഎയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും പ്രചാരണ പരിപാടികള്‍ നടത്തും. ശിവസേന ഷിന്‍ഡെ വിഭാഗത്തെ കേരളത്തിലെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചതായും കെ. സുരേന്ദ്രന് അറിയിച്ചു.
ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ റബറിന് 250 രൂപയാക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായ ജോസ് കെ. മാണി നിലപാട് വ്യക്തമാക്കണം. ഇടതുമുന്നണി പങ്കെടുപ്പിച്ച ഹമാസ് അനുകൂല യോഗത്തില്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുളള കേരള കോണ്‍ഗ്രസ് പങ്കെടുക്കാതിരുന്നത് എന്താണന്ന് അറിയാന്‍ കേരള സമൂഹത്തിന് താത്പര്യമുണ്ട്.
പി.സി. ജോര്‍ജ് നയിക്കുന്ന ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎയില്‍ ചേർക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സുരേന്ദ്രന് പറഞ്ഞു.