അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ ജീവനക്കാർക്കു കൂടുതൽ പ്രാപ്യമാകണം: ചീഫ് ജസ്റ്റീസ്
Sunday, December 10, 2023 1:32 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പരാതി പരിഹാരത്തിനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ ജീവനക്കാർക്കു കൂടുതൽ പ്രാപ്യമാകണമെന്നു ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആശിഷ് ജിതേന്ദ്ര ദേശായി.
കോടതികളുടെ ജോലിഭാരം കുറയ്ക്കുന്നതിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈ ബ്യൂണലുകൾ നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജിതേന്ദ്ര ദേശായി. കോടതികൾ സർക്കാർ ജീവനക്കാരുടെ പരാതികൾ കൊണ്ട് നിറഞ്ഞപ്പോഴാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ രൂപീകരിച്ചത്.
ട്രിബ്യൂണലിൽ എത്തുന്ന പരാതികൾ പരമാവധി അവിടെത്തന്നെ തീർക്കാൻ ശ്രമിക്കണം. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഒട്ടേറെ ജീവനക്കാർക്ക് പ്രതീക്ഷയുടെ തിരിനാളമാണ്. സുതാര്യവും നീതിയുക്തവുമായ വിധികൾ ഇതിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ദേശായി പറഞ്ഞു.