നവകേരള സദസിനെ പരിഹസിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Sunday, December 10, 2023 1:47 AM IST
തൃത്താല: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നവകേരള സദസിനെയും പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖ് അറസ്റ്റിൽ. കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
നവംബർ 19നു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഫാറൂഖ് നവകേരളസദസിനെയും മന്ത്രിമാരെയും പരിഹസിച്ച് ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തത്. ‘നവകേരളസദസിൽ വൻ ജനക്കൂട്ടം: പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാൻ ജനം കൂടുന്നതു സ്വാഭാവികം’ എന്ന ക്യാപ്ഷനോടെയാണ് നവകേരള ബസിന്റെ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തത്. ‘ആലിബാബയും 41 കള്ളന്മാരും’എന്നാണ് പോസ്റ്റ് ചെയ്ത ബസിന്റെ ചിത്രത്തിൽ എഴുതിയിരുന്നത്.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായ അനീഷ് നൽകിയ പരാതിയിലാണ് തൃത്താല പോലീസ് ഫാറൂഖിനെതിരേ കേസെടുത്തത്. ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഫാറൂഖിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പിണറായി വിജയൻ സർക്കാർ നരേന്ദ്ര മോദി സർക്കാരിനു സമാനമായി ഫാസിസ്റ്റ് നടപടിയാണ് സ്വീകരിക്കുന്നതെന്നും, കേവലം പരിഹാസപൂർവമുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ താൻ കലാപാഹ്വാനം നടത്തിയെന്നു പറഞ്ഞ് കേസ് എടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും ഒ.കെ. ഫാറൂഖ് പ്രതികരിച്ചു.