നരഭോജിക്കടുവയെ ഉടൻ വെടിവച്ചു കൊല്ലണം: ജോസ് കെ. മാണി
Monday, December 11, 2023 5:10 AM IST
കോട്ടയം: നരഭോജിയായ കടുവയെ ഉടൻ വെടിവച്ചു കൊല്ലണമെന്നും വന്യമൃഗ സാന്നിധ്യം കാരണമായുള്ള കർഷക കുടിയിറക്ക് അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി.
വയനാട് ബത്തേരി മൂടക്കൊല്ലിയിലെ ക്ഷീരകർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയതടക്കം കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിലുണ്ടായ വന്യജീവി ആക്രമണ മരണങ്ങളെപ്പറ്റി പഠിക്കാൻ ഉന്നതാധികാരങ്ങളോടെ ജുഡീഷൽ കമ്മീഷനെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാട്ടിൽ ഇറങ്ങുന്ന അപകടകാരികളായ വന്യജീവികളെ വനത്തിനുള്ളിൽ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം വനം വകുപ്പിനുണ്ട്. ഇതു ചെയ്യാതെ കർത്തവ്യ നിർവഹണത്തിൽ വീഴ്ച വരുത്തിയവർക്കെതിരേ കേസെടുക്കണം.
പ്രജീഷിന്റെ കുടുംബത്തിന് അടിയന്തരമായി 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. കേരള-തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളിലെ ജനങ്ങളെയും കർഷകരെയും വന്യജീവി ആക്രമണങ്ങളിൽനിന്നു സംരക്ഷിക്കുന്നതിനായി യുദ്ധകാല അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരും മൂന്ന് സംസ്ഥാനങ്ങളും സംയുക്ത നടപടികൾ സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.