"അശാസ്ത്രീയമായ പ്രമേഹരോഗ ചികിത്സ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും'
Monday, December 11, 2023 5:10 AM IST
കണ്ണൂർ: ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബാല്യകാലത്തു തന്നെയുള്ള ആരോഗ്യവിദ്യാഭ്യാസം പ്രമേഹരോഗത്തെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന് റിസർച്ച് സൊസൈറ്റി ഫോർ ഡയബറ്റിസ് ഇൻ ഇന്ത്യ കേരള ചാപ്റ്ററും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫിസിഷൻ ക്ലബ്ബും സംയുക്തമായി കണ്ണൂരിൽ സംഘടിപ്പിച്ച പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു.
കേരളത്തിനകത്തും പുറത്തുമുള്ള പ്രമേഹരോഗ വിദഗ്ധരും ഗവേഷകരും സംഗമത്തിൽ പ്രമേഹരോഗത്തിന്റെ വിവിധ ഭാഗങ്ങൾ വിശദീകരിക്കുന്ന പ്രബന്ധങ്ങൾ അവതരിപ്പിച്ചു.അശാസ്ത്രീയമായ പ്രമേഹരോഗ ചികിത്സ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയവയ്ക്കുള്ള പ്രധാന കാരണം അനിയന്ത്രിതമായ പ്രമേഹരോഗമാണ്.
പ്രമേഹ രോഗികളിൽ 50 ശതമാനത്തോളം ആളുകൾക്ക് ലൈംഗികപ്രശ്നങ്ങളുണ്ട്. ശാസ്ത്രീയമായ ചികിത്സയിലൂടെ അത് മാറ്റിയെടുക്കാം. അടുത്ത പത്തു വർഷത്തിനുള്ളിൽ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ള രാജ്യമായി മാറും എന്ന് കണക്കാക്കുന്നുവെന്ന് ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷൻ സംഘടന പ്രവചിക്കുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം ജീവിതശൈലി രോഗങ്ങൾ കണ്ടുവരുന്നത് കേരളീയരിൽ ആണ്. പ്രതിവർഷം 10 ലക്ഷം മരണങ്ങൾ പ്രമേഹവും അനുബന്ധ രോഗങ്ങളും കാരണം സംഭവിക്കുന്നു. വളരെ ഫലപ്രദമായ നിരവധി മരുന്നുകൾ വിപണിയിൽ എത്തിക്കൊണ്ടിരിക്കുന്നു. നിർമിത ബുദ്ധിയും ഇന്റർനെറ്റ് നിയന്ത്രിത രോഗ നിയന്ത്രണ സംവിധാനങ്ങളും വരുംകാലങ്ങളിൽ ചികിത്സയിൽ നിർണായക സ്വാധീനം ചെലുത്തുമെന്നു തിരുവന്തപുരം ജ്യോതി ദേവ് കേശവ ദേവ് ഡയബറ്റിക് ഗവേഷണ മേധാവി ഡോ. ജ്യോതി ദേവ് കേശവദേവ് പറഞ്ഞു.
മദ്രാസ് ഡയബറ്റിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണൻ, ഡോ. അജിത് കുമാർ ശിവശങ്കരൻ, ഡോ. സുരേഷ് കുമാർ പി., ഡോ. പ്രശാന്ത് ശങ്കർ, പരിയാരം ഗവ. മെഡിക്കൽ കോളജ് പ്രഫ. ഡോ. ബാലകൃഷ്ണൻ വള്ളിയോട്, ഡോ. ബോബി കെ. മാത്യു (യു എ ഇ), ഡോ. ജ്യോതി ദേവ്, ഡോ. ജോ ജോർജ്, ഡോ. സഹാനാ ഷെട്ടി, ഡോ. റോജിത്, ഡോ. വികാസ് മാലിനി, ഡോ. അനിൽ കുമാർ, ചീഫ് ഡോ പ്രശാന്ത് മാപ്പാ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.