മൂന്നംഗ മലയാളി കുടുംബം കുടകില്‍ മരിച്ച നിലയിൽ
Monday, December 11, 2023 5:10 AM IST
തിരുവല്ല: കുടകിലെ റിസോര്‍ട്ടില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കോളജ് അധ്യാപികയായ കല്ലൂപ്പാറ സ്വദേശിനി ജിബി ഏബ്രഹാം (38), ഭര്‍ത്താവ് കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ജിബിയുടെ മകള്‍ ജെയിന് മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകളെ കൊലപ്പെടുത്തി ജിബിയും ഭര്‍ത്താവും ജീവനൊടുക്കിയെന്നാണ് നിഗമനം. കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ ശനിയാഴ്ച രാവിലെ ഹോട്ടല്‍ ജോലിക്കാരാണ് മൃതദേഹങ്ങൾ കണ്ടത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നംഗ കുടുംബം റിസോര്‍ട്ടില്‍ മുറിയെടുക്കുകയായിരുന്നു. കുറച്ചു നേരം ഇവര്‍ റിസോര്‍ട്ട് ചുറ്റി നടന്ന് കണ്ടിരുന്നുവെന്ന് മാനേജര്‍ ആനന്ദ് പോലീസിനു മൊഴി നല്കി. പുറത്തുള്ള കടയില്‍ പോയ മൂവരും തിരിച്ചെത്തി അത്താഴം കഴിച്ച് കോട്ടേജിലേക്ക് മടങ്ങി.
ശനിയാഴ്ച രാവിലെ 10ന് തങ്ങള്‍ ചെക്കൗട്ട് ചെയ്യുമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നുവെങ്കിലും പിറ്റേന്ന് രാവിലെ പത്തു കഴിഞ്ഞിട്ടും ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോള്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിനോദിന്റെയും ജിബിയുടെയും രണ്ടാം വിവാഹമാണ്. ജിബി ജനിച്ചതും വളര്‍ന്നതും ഗള്‍ഫിലാണ്. കാസര്‍ഗോഡ് സ്വദേശിയുമായി വിവാഹം കഴിഞ്ഞതിനുശേഷം ബംഗളൂരുവില്‍ കഴിയുകയായിരുന്നു. മകള്‍ ജെയിന് ജിബിയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ്. തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ജിബി. വിമുക്തഭടനായ വിനോദ് ബാബുസേനന്‍ തിരുവല്ലയില്‍ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി നടത്തിവരികയാണ്.
തിരുവല്ലയിലെ ഫ്ളാറ്റിലാണ് വിനോദ് ജിബിയും മകളുമായി കഴിഞ്ഞിരുന്നത്. വിനോദിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ ജിബി പാര്‍ട്ണര്‍ കൂടിയായിരുന്നുവെന്ന് പറയുന്നു.
എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുമായി ബന്ധപ്പെട്ട് വിനോദിനുണ്ടായ സാമ്പത്തിക നഷ്ടമാണ് ജീവനൊടുക്കിയതിനു കാരണമെന്ന് പറയുന്നു. കനേഡിയന്‍ വീസയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികളില്‍നിന്ന് വിനോദ് വാങ്ങിയ പണം മറ്റാരോ തട്ടിച്ചെടുത്തുവെന്ന് സൂചനയുണ്ട്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന കുറിപ്പും റിസോര്‍ട്ടിലെ മുറിയില്‍ നിന്നുപോലീസ് കണ്ടെടുത്തു.