അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് പലരും അജ്ഞര്‍: ഹൈക്കോടതി ചീഫ് ജസ്റ്റീസ്
Monday, December 11, 2023 5:23 AM IST
തിരുവനന്തപുരം: മനുഷ്യാവകാശ നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടും പലരും തങ്ങളുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് അജ്ഞരാണെന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് തിരുവനന്തപുരം പാളയം അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവാകാശ ദിനം പോലുള്ള ഓര്മപ്പെടുത്തലുകള് മനുഷ്യാവകാശങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
ബോധപൂര്‍വമോ അല്ലാതെയോ ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇല്ലാതാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ അത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം മനുഷ്യാവകാശ പ്രചരണങ്ങള്‍ വഴി സാധ്യമാകും. വ്യക്തിത്വവികസനത്തിനു അത്യന്താപേക്ഷിതമായ ഒന്നാണ് മനുഷ്യാവകാശങ്ങള്‍. ഇത് ഭരണഘടനാപരമായ അവകാശങ്ങളാണെന്നും സര്‍ക്കാരിനോ നിയമനിര്‍മാണ സഭകള്‍ക്കോ കവര്‍ന്നെടുക്കാന്‍ കഴിയുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ കെ. ബൈജുനാഥ് അഥ്യക്ഷത വഹിച്ചു.
മനുഷ്യാവകാശ കമ്മീഷന് അംഗം വി.കെ. ബീനാകുമാരി, കേരള സഹകരണ ട്രിബ്യൂണല്‍ ജഡ്ജ് എന്‍.ശേഷാദ്രിനാഥന്, നിയമസെക്രട്ടറി കെ.ജി. സനല്‍ കുമാര്‍, ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറും ഐജിയുമായ പി. പ്രകാശ്, മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, കമ്മീഷന് സെക്രട്ടറി എസ്.എച്ച്. ജയകേശന്‍, കമ്മീഷന് രജിസ്ട്രാര്‍ എസ്.വി. അമൃത തുടങ്ങിയവര്‍ പ്രസംഗിച്ചു.