ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശനസമയം നീട്ടി
Monday, December 11, 2023 5:47 AM IST
ശബരിമല: ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ മണ്ഡലകാലത്തോടനുബന്ധിച്ച് ദിവസങ്ങളായി തുടരുന്ന അഭൂതപൂര്‍വമായ ഭക്തജനത്തിരക്കിനെ തുടര്‍ന്ന് ദര്‍ശനസമയം നീട്ടി. ഉച്ചകഴിഞ്ഞ് മൂന്നിനു നട തുറക്കും. നേരത്തെ ഇത് നാലിനായിരുന്നു.
ഒരു മണിക്കൂര്‍ ദര്‍ശനസമയം വര്‍ധിപ്പിച്ചതോടെ ദിവസവും 18 മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഇന്നലെ മുതല്‍ ലഭിച്ചു തുടങ്ങി. പതിനെട്ടാംപടിയില്‍ പോലീസ് നിയന്ത്രണം കര്‍ശനമാക്കി. തിരക്ക് ഒഴിവാക്കാന്‍ മിനിട്ടില്‍ 60 പേരെ മാത്രമാണ് ഇന്നലെ പടി ചവിട്ടാന്‍ അനുവദിച്ചത്.
ഇന്നലെയും 13 മണിക്കൂര്‍ വരെ ക്യൂ നിന്നാണ് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം സാധ്യമായത്. തിരക്ക് വര്‍ധിച്ചതോടെ എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എരുമേലി - ഇലവുങ്കല്‍ പാതയില്‍ വാഹനങ്ങള്‍ മണിക്കൂറുകള്‍ കാത്തുകിടക്കേണ്ടിവന്നു. തിരക്ക് കുറയുന്നതിനനുസരിച്ചാണ് തീര്‍ഥാടകരെ നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്ന് തീര്‍ഥാടകരെ അയയ്ക്കുന്നത്.
ശബരിമല വികസനം: പ്രതിപക്ഷ നേതാവ് കത്ത് നല്കി
തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഹൈക്കോടതി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അനങ്ങുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു. ഭക്തര്‍ക്ക് കടുത്ത പ്രതിസന്ധിലാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.