ജിഎസ്ടി വിഹിതം നിശ്ചയിക്കുന്നതില്‍ വലിയ ദുരൂഹത: മുഖ്യമന്ത്രി
Monday, December 11, 2023 5:47 AM IST
പെരുമ്പാവൂര്‍: ജിഎസ്ടി വിഹിതവും നികുതി വിഹിതവും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പെരുമ്പാവൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന നവകേരള സദസില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജിഎസ്ടി വിഹിതം നിശ്ചയിക്കുന്നതില്‍ വലിയ ദുരൂഹത നിലനില്ക്കുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയില്ല. സുതാര്യത വേണമെങ്കില്‍ ജിഎസ്ടി വഴി കേന്ദ്രം സമാഹരിക്കുന്ന തുക വ്യക്തമാക്കുന്നതിനൊപ്പം ജിഎസ്ടി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ നവംബറിൽ കേരളത്തിനു ലഭിക്കേണ്ട 332 കോടി രൂപ വെട്ടിക്കുറച്ചു. ഇതിന്റെ മാനദണ്ഡം സംസ്ഥാന സര്‍ക്കാരിന് അറിയില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് അര്‍ഹമായ വിഹിതം ലഭിക്കുന്നില്ല. സഹായിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസം നില്‍ക്കുകയാണ്. നവകേരള സദസിലെ ജനപങ്കാളിത്തം കേന്ദ്ര സര്‍ക്കാരിനെക്കൊണ്ടു പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണു വസ്തുതാ വിരുദ്ധമായാണെങ്കിലും കേന്ദ്ര ധനമന്ത്രി പ്രതികരിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്നവയാണ്.
ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങളില്‍ വരെ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുകയാണ്. സംസ്ഥാനങ്ങള്‍ക്കു വീതം വയ്ക്കേണ്ട നികുതി വരുമാനം എത്രയാണെന്നതു സംബന്ധിച്ച ഒരു കണക്കും ആര്‍ക്കുമറിയില്ല. ബജറ്റില്‍ അതു വ്യക്തമാക്കേണ്ടതാണ്. എന്നാല്‍ അതു പൂര്‍ണമായും മറച്ചുവച്ചിരിക്കുകയാണ്. പ്രതിസന്ധികള്‍ക്കിടയിലും കേരളം പിടിച്ചുനില്‍ക്കുന്നത് തനത് നികുതി വരുമാനത്തിലെ വര്‍ധന കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഴു വര്‍ഷത്തിനിടെ കേരളത്തിനു നഷ്ടമായത് 1,07,513 കോടിയെന്ന്
കോതമംഗലം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക ഇടപെടലിലൂടെ കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് കേരളത്തിനു നഷ്ടമായത് 1,07,513 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോതമംഗലം മാര്‍ ബേസില്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന നവകേരള സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണഘടനയെ തെറ്റായി വ്യാഖ്യാനിക്കുകയാണ് കേന്ദ്രം. അര്‍ഹമായ വിവിധ വിഹിതങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുന്നതിലൂടെ സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലായിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്, വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കു നല്‍കേണ്ട തുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നല്‍കേണ്ട തുക, ജനകീയ ഹോട്ടലുകള്‍ക്ക് നല്‍കേണ്ട തുക, കരാറുകാര്‍ക്ക് നല്‍കാനുള്ളത് ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ക്കായി 26,223 കോടി രൂപ വിതരണം ചെയ്യാനുണ്ട്. കേന്ദ്രത്തിന്റെ തെറ്റായ ഇടപെടല്‍ മൂലം സംസ്ഥാന ബജറ്റനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ല. സംസ്ഥാനത്തിന്റെ സ്വയംഭരണ അധികാരത്തില്‍ കൈകടത്തുന്ന സമീപനമാണു കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനം നേരിടുന്ന പ്രശ്നം ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ പ്രതിപക്ഷം നവകേരള സദസ് ബഹിഷ്കരിക്കില്ലായിരുന്നു. ലോക്സഭയിലെ യുഡിഎഫ് എംപിമാര്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.