സീറോമലബാർ സഭാ സിനഡ് ജനുവരി എട്ടുമുതൽ
Monday, December 11, 2023 5:47 AM IST
കൊച്ചി: മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിരമിച്ച ഒഴിവിൽ പുതിയ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനായി സീറോ മലബാർ സഭാ സിനഡ് സമ്മേളനം 2024 ജനുവരി എട്ടുമുതൽ 13 വരെ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും.
സിനഡ് തെരഞ്ഞെടുക്കുന്ന പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന് മാര്‍പാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടന്‍ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനവും തുടര്‍ന്നു സ്ഥാനാരോഹണവും നടക്കുമെന്ന് സഭയിലെ മെത്രാപ്പോലീത്തമാര്‍ക്കും മെത്രാന്മാര്ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്ക്കുമായി പുറപ്പെടുവിച്ച സർക്കുലറിൽ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചു.
സീറോ മലബാര്‍ സഭയെ നയിക്കാനുള്ള ശുശ്രൂഷാപദവിയിലേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി തെരഞ്ഞെടുക്കപ്പെടുന്നതിന് എല്ലാവരും പ്രാര്‍ഥിക്കണമെന്നും ഇതിനായി തയാറാക്കിയിട്ടുള്ള പ്രാര്‍ഥന ജനുവരി 13 വരെ സഭയിലെ എല്ലാ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്കുശേഷവും കുടുംബങ്ങളില്‍ സായാഹ്നപ്രാര്ഥനയ്ക്കുശേഷവും ചൊല്ലണമെന്നും അഡ്മിനിസ്ട്രേറ്റര്‍ ഓര്‍മിപ്പിച്ചു.
സീറോ മലബാര്‍ സഭയുടെ ഹയരാര്ക്കിസ്ഥാപനത്തിന്റെ ശതാബ്ദി വര്‍ഷ സമാപനത്തിന്റെ ഭാഗമായി ഈ മാസം 21ന് സഭയിലെ എല്ലാ കത്തീഡ്രല്‍ ദേവാലയങ്ങളിലും രൂപതാധ്യക്ഷന്മാരുടെ കാര്‍മികത്വത്തില്‍ പ്രത്യേക വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ഥിക്കണം. അന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും പ്രത്യേക വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ആഗോളസഭയായി വളര്‍ന്നിരിക്കുന്ന സീറോ മലബാര്‍ സഭയുടെ മൂന്നാമത്തെ മേജര്‍ ആര്‍ച്ച്ബിഷപ് എന്ന നിലയില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞ 12 വര്‍ഷങ്ങളായി തീക്ഷ്ണവും ശക്തവും ധീരവും സഹനബദ്ധവും ആത്മാര്‍ത്ഥവുമായി ചെയ്ത നേതൃത്വശുശ്രൂഷകളെ നന്ദിപൂര്‍വം സ്മരിക്കുന്നതായും അഡ്മിനിസ്ട്രേറ്റർ സർക്കുലറിൽ പറഞ്ഞു.