കടുവയെ പിടിക്കാനായില്ലെങ്കിൽ കൊല്ലാമെന്ന് ഉത്തരവ്
Monday, December 11, 2023 5:47 AM IST
സുൽത്താൻ ബത്തേരി: പുല്ലരിയാൻ പോയ യുവകർഷകനെ കടുവ കൊന്നു തിന്ന ദാരുണസംഭവത്തിന്റെ ആഘാതത്തിൽനിന്നു മുക്തമാകാതെ വയനാട്. ഇനിയും കടുവയെ പിടികൂടാത്തത് ജനങ്ങൾക്കിടയിൽ ആശങ്കയ്ക്കും പ്രതിഷേധത്തിനും വഴിവയ്ക്കുന്നുണ്ട്.
പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് യുവകർഷകൻ പ്രജീഷിനെ കടുവ കൊന്ന് ഭാഗികമായി തിന്നത്. പ്രതിഷേധത്തിനൊടുവിൽ കടുവയെ കൂടുവച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടിക്കാനായില്ലെങ്കിൽ കൊല്ലാമെന്ന് സംസ്ഥാന മുഖ്യവന്യജീവി പാലകൻ ഇന്നലെ ഉച്ചകഴിഞ്ഞ് ഉത്തരവായിട്ടുണ്ട്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും താലൂക്ക് ഗവ.ആശുപത്രി മോർച്ചറിക്കു മുന്നിൽ അനിശ്ചിതകാല ഉപവാസം ആരംഭിച്ച സാഹചര്യത്തിലാണു തീരുമാനം.
കടുവയെ ജീവനോടെ പിടികൂടുന്നതിന് ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടെ മാനദണ്ഡങ്ങൾക്കു വിധേയമായി പരമാവധി പരിശ്രമം നടത്തണമെന്ന് സംസ്ഥാന മുഖ്യ വന്യജീവി പാലകൻ നോർത്തേണ്‍ സർക്കിൾ സിസിഎഫിനു നൽകിയ ഉത്തരവിൽ പറയുന്നു. മനുഷ്യനെ കൊന്ന കടുവയെത്തന്നെയാണു പിടിക്കാൻ ശ്രമിക്കുന്നതെന്ന് ദൗത്യത്തിനു മുന്‍പ് ഉറപ്പുവരുത്തണം. ശ്രമം പരാജയപ്പെട്ടാൽ ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചും 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ (11)(1)(a) പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചും കടുവയെ കൊല്ലാമെന്ന് ഉത്തവിൽ വ്യക്തമാക്കുന്നു. നോർത്തേണ്‍ സർക്കിൾ സിസിഎഫിന്റെ മേൽനോട്ടത്തിലായിരിക്കണം ദൗത്യം. ആർആർടി, മെഡിക്കൽ ടീം സാന്നിധ്യം ഉറപ്പുവരുത്തണം. ദൗത്യത്തിന്റെ നിശ്ചല-ചലന ദൃശ്യങ്ങൾ ആദ്യന്തം പകർത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കടുവയെ കൊല്ലാൻ ഉത്തരവിറക്കുന്നതിന് സംസ്ഥാനത്തിന് അധികാരമില്ലെന്നാണു വനം മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞദിവസം രാവിലെ മാധ്യമങ്ങളെ അറിയിച്ചത്. കടുവയെ കൊല്ലാൻ കേന്ദ്രാനുമതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെയാണു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്.
കടുവയെ കൊല്ലാൻ ഉത്തരവാകുന്നതുവരെ പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു പ്രഖ്യാപിച്ചാണ് എംഎൽഎ ഉൾപ്പെടെയുള്ളവർ ഇന്നലെ ഉച്ചയോടെ അനിശ്ചിതകാല ഉപവാസം തുടങ്ങിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെത്തുടർന്ന് ഉപവാസം അവസാനിപ്പിച്ചശേഷമാണു പ്രജീഷിന്റെ മൃതദേഹം എംഎൽഎയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പ്രജീഷിന്റെ മൃതദേഹം കടുവ കൊലപ്പെടുത്തി ഭാഗികമായി ഭക്ഷിച്ചനിലയിൽ കൂടല്ലൂരിലെ സ്വകാര്യ തോട്ടത്തിൽ കണ്ടെത്തിയത്. രാത്രി ഒന്പതിനുശേഷമാണ് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയത്. ഇന്നലെ രാവിലെ 11 ഓടെ ആരംഭിച്ച ഇൻക്വസ്റ്റ്-പോസ്റ്റ്മോർട്ടം നടപടികൾ 12 ഓടെയാണു പൂർത്തിയായത്. കടുവയെ പിടികൂടുന്നതിന് ദൗത്യസംഘം കൂടല്ലൂരിലും സമീപപ്രദേശങ്ങളിലും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണു കൂടല്ലൂർ.