വർക്കലയിൽ പിടിയിലായ വിദേശ പൗരനെ ഇന്റർപോളിനു കൈമാറും
Friday, March 14, 2025 1:49 AM IST
തിരുവനന്തപുരം: അമേരിക്കയിൽ സാന്പത്തിക തട്ടിപ്പു നടത്തിയ ശേഷം വർക്കലയിൽ താമസിച്ചു വരവേ പിടിയിലായ ലിത്വാനിയൻ പൗരനെ ഇന്റർപോളിനു കൈമാറും.
ക്രിപ്റ്റോ കറൻസി കേസിൽ തട്ടിപ്പു നടത്തിയ ശേഷം വർക്കലയിൽ താമസിച്ചു വന്നിരുന്ന വിദേശ പൗരൻ അലക്സേജ് ബേസിക്കോവ് ആണ് കഴിഞ്ഞ ദിവസം വർക്കല പോലീസിന്റ പിടിയിലായത്.
ലിത്വാനിയൻ സ്വദേശിയായ പ്രതി, അമേരിക്കയിൽ നിരോധിച്ച റഷ്യൻ ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ ഉൾപ്പെടെ തീവ്രവാദ സംഘങ്ങൾക്കും സൈബർ ക്രിമിനൽ സംഘങ്ങൾക്കും ലഹരിമാഫിയയ്ക്കും സഹായം ചെയ്തുവെന്നാണ് കുറ്റം.
2019 മുതൽ 25 വരെ ഏകദേശം 96 ബില്യണ്‍ യുഎസ് ഡോളർ ഇടപാടാണ് അലക്സേജ് ബേസിക്കോവും കൂട്ടാളി അലക്സാണ്ടർ മിറയും ചേർന്ന് നടത്തിയത്.
ഒരു മാസമായി ബേസിക്കോവും കുടുംബവും വർക്കലയിലെ റിസോർട്ടിൽ താമസിച്ചു വരികയായിരുന്നു. ദിവസങ്ങൾക്കു മുൻപ് ഇയാൾ കുടുംബത്തെ നാട്ടിലേക്ക് അയച്ചിരുന്നു, പിന്നീട് റഷ്യയിലേക്കു കടക്കാനായിരുന്നു പദ്ധതി.
നിലവിൽ ഇയാൾക്ക് ഇന്ത്യയിൽ കേസുകൾ ഇല്ല. എന്നാൽ ഇന്റർപോളിന്റെ ഇടപെടൽ മൂലം ഡൽഹിയിലെ പട്യാല കോടതി ഇയാൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷമാകും കൈമാറുക.