കുട്ടികളോടും കടം പറഞ്ഞ് സർക്കാർ
Friday, March 14, 2025 1:49 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ സ്കോളർഷിപ്പിലും പ്രൈസ് മണിയിലും കടം പറഞ്ഞ് സർക്കാർ. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ എൽപി, യുപി വിഭാഗം വിദ്യാർഥികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക കുടിശികയായിട്ട് വർഷങ്ങൾ.
2017 മുതൽ ഈ സ്കോളർഷിപ്പ് തുക കുടിശികയാണ്. ഇത്തരത്തിൽ 2024 വരെ 4.74 കോടി രൂപയാണ് എൽഎസ്എസ് യുഎസ്എസ് മത്സരപ്പരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക് നല്കാനുള്ളത്. നിയമസഭയിൽ നല്കിയ രേഖയിൽ പൊതുവിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇതിൽ എൽഎസ്എസ് സ്കോളർഷിപ്പായി 2,10,72,000 രൂപയും യുഎസ്എസ് സ്കോളർഷിപ്പായി 2,63,56,500 രൂപയുമാണ് നല്കാനുള്ളത്. കൂടാതെ ഈ അധ്യയന വർഷത്തിൽ എൽഎസ്എസ് സ്കോളർഷിപ്പിന് അർഹരായ 14747 വിദ്യാർഥികൾക്കും യുഎസ്എസ് സ്കോളർഷിപ്പിൽ ഇടം നേടിയ 4856 വിദ്യാർഥികൾക്കും നല്കാനുള്ള തുക കൂടി ഉൾപ്പെടുത്തുന്പോൾ കുടിശിക മൂന്നു കോടിക്കു മുകളിലെത്തും.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർക്കുള്ള ഒറ്റത്തവണ സ്കോളർഷിപ്പ് തുകയിൽ 2023-24 അധ്യയന വർഷത്തെ 80,14, 000 രൂപ കുടിശികയാണ്. ഇതോടൊപ്പം ഈ വർഷത്തെ തുക കൂടി കൂട്ടുന്പോൾ കലോത്സവകുടിശികയും കോടികൾക്കു മുകളിലാവും. സ്കൂൾ കായികതാരങ്ങൾക്കു മാത്രമാണ് ആശ്വാസം .2024-25 അധ്യയന വർഷം വരെയുള്ള തുക നല്കി.
വർഷം എൽഎസ്എസ് യുഎസ്എസ്
2017 27,000 കുടിശികയില്ല
2018 2,33,000 1,18,500
2019 5,69,000 3,72,000
2020 20,76,000 6,07,500
2021 37,07,000 11,35,500
2022 36,96,000 77,71,500
2023 40,97,000 1,25,62,500
2024 66,67,000 37,89,000