നദികളിലെ മണൽ വാരാൻ സര്‍ക്കാര്‍ മൈനിംഗ് ആന്‍ഡ് ജിയോളജി ചട്ടം ഭേദഗതി ചെയ്യും
Friday, March 14, 2025 1:52 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയശേഷം സംസ്ഥാനത്തെ 11 ജില്ലകളിലെ 14 നദികളില്‍നിന്നു മണല്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍.
സാന്‍ഡ് ഓഡിറ്റും ഡിസ്ട്രിക്ട് സര്‍വേ റിപ്പോര്‍ട്ടും പൂര്‍ത്തിയായ മൂന്നു ജില്ലകളിലെ 45 കടവുകളില്‍നിന്നു മണല്‍ ഖനനം നടത്താന്‍ ഇനി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതി (ലെറ്റര്‍ ഓഫ് ഇൻഡന്റ്)യാണ് ലഭിക്കേണ്ടത്. മറ്റു നദികളില്‍നിന്നുള്ള മണല്‍ ഖനനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നു.
നിലവിലെ മൈനിംഗ് ആന്‍ഡ് ജിയോളജി ചട്ടങ്ങള്‍ പ്രകാരം ഇൻഡന്റ് നല്കാന് കഴിയില്ല. ഈ സാഹചര്യത്തില്‍ ചട്ട ഭേദഗതിക്കായുള്ള പ്രപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണുള്ളത്.
ഭേദഗതി നടപ്പായാല്‍ സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അഥോറിറ്റി (എസ്ഐഇഎഎ)യുടെ പാരിസ്ഥിതിക അനുമതിയോടെ 45 കടവുകളില്‍ ഖനനം ആരംഭിക്കാന്‍ കഴിയും.
സാന്‍ഡ് ഓഡിറ്റില്‍ മണല്‍ ലഭ്യത കണ്ടെത്തിയ 11 ജില്ലകളില്‍ കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ്, പാലക്കാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കേന്ദ്ര സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) ഡിസ്ട്രിക്ട് സര്‍വേ നടത്തിയിട്ടുണ്ട്.
കൊല്ലം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോഡ്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ മണല്‍ഖനന സാധ്യതയുള്ള സൈറ്റുകളുണ്ടെന്നു സര്‍വേയില്‍ കണ്ടെത്തിയിരുന്നു. അതില്‍ കൊല്ലം, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളുടെ ഡിസ്ട്രിക്ട് സര്‍വേ റിപ്പോര്‍ട്ടിന് എസ്ഇഐഎഎയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
എന്നാല്‍, കൊല്ലം ജില്ലയിലെ രണ്ടു കടവുകള്‍ കുളത്തൂപ്പുഴ റിസര്‍വ് വനമേഖലയിലും കുളത്തുപ്പുഴ ഇഎസ്എ വില്ലേജ് പരിധിയിലും ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇവിടെ ഖനനം എസ്ഇഐഎഎ വിലക്കിയിട്ടുണ്ട്.
കാസർഗോഡ്, പത്തനംതിട്ട ജില്ലകളുടെ ഡിസ്ട്രിക്ട് സര്‍വേ റിപ്പോര്‍ട്ട് എസ്ഇഐഎഎയുടെ പരിഗണനയിലാണ്.
ഡിസ്ട്രിക്ട് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ മണല്‍ ഖനന സാധ്യതയുള്ള സൈറ്റുകള്‍ കണ്ടെത്തിയിട്ടില്ല. രണ്ടുമാസത്തിനു ശേഷം ഈ ജില്ലകളില്‍ മണല്‍ലഭ്യത സംബന്ധിച്ചു വീണ്ടും പരിശോധന നടത്താനാണു തീരുമാനം.
14 നദികളിലെ 189 സൈറ്റുകൾ
മലപ്പുറം, പത്തനംതിട്ട, എറണാകുളം, കാസര്‍ഗോഡ്, കണ്ണൂര്‍, തൃശൂര്‍, പലക്കാട് എന്നീ ജില്ലകളുടെ ഡിസ്ട്രിക്ട് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 14 നദികളിലെ 189 മണല്‍ ഖനന സൈറ്റുകളിലായി 1,70,25,8610 മെട്രിക് ടണ്‍ മണല്‍ ഖനനം ചെയ്യാനാകുമെന്നാണു കണ്ടെത്തിയിട്ടുള്ളത്.
ഈ മൈനിംഗ് സൈറ്റുകളുടെ അതിര്‍ത്തിനിര്‍ണയം നടന്നുകൊണ്ടിരിക്കുകയാണ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 45 കടവുകളുടെ അതിര്‍ത്തിനിര്‍ണയം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി മൈനിംഗ് ആന്‍ഡ് ജിയോളജിയുടെ ലെറ്റര്‍ ഓഫ് ഇന്‍ഡന്റ് ആണു ലഭിക്കേണ്ടത്.