പത്താംക്ലാസുകാരൻ പരീക്ഷയ്ക്കെത്തിയത് മദ്യലഹരിയിൽ; പോലീസ് അന്വേഷണം തുടങ്ങി
Friday, March 28, 2025 12:36 AM IST
കോഴഞ്ചേരി: മദ്യലഹരിയിൽ പത്താംക്ലാസ് പരീക്ഷയ്ക്കെത്തിയ കുട്ടിയുടെ ബാഗിൽനിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തിൽ രഹസ്യാന്വേഷണവുമായി പോലീസും എക്സൈസും. കഴിഞ്ഞദിവസം പത്താം ക്ലാസ് പരീക്ഷയുടെ അവസാനദിനത്തിലാണ് കുട്ടി മദ്യലഹരിയിലെത്തിയത്. സഹപാഠികളായ മൂന്നുപേർ കൂടി മദ്യലഹരിയിലാണ് എത്തിയതെന്ന് പിന്നീടു നടന്ന അന്വേഷണത്തിൽ വ്യക്തമായി.
പരീക്ഷാഹാളിൽ അസ്വാഭാവികമായി ഇരിക്കുന്നതു കണ്ട കുട്ടിയോട് അധ്യാപകൻ വിവരങ്ങൾ ആരാഞ്ഞപ്പോൾ മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെടുകയും തുടർന്ന് പരിശോധനകൾ നടത്തുകയുമായിരുന്നു. ബാഗിൽ നിന്നു മദ്യക്കുപ്പിയും 10,000 രൂപയും പിന്നാലെ കണ്ടെടുത്തു.
ആറന്മുള പോലീസിൽ സ്കൂൾ അധികൃതർ വിവരം അറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ മൂന്ന് കുട്ടികൾ കൂടി മദ്യലഹരിയിലാണെന്നു വ്യക്തമായി. കുട്ടികളുടെ ഭാവിയോർത്ത് പരീക്ഷ എഴുതിപ്പിക്കാൻ പോലീസും അധ്യാപകരും തയാറായി. രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി അവർക്കൊപ്പമാണ് ഇവരെ വിട്ടയച്ചത്.
ഇതിനിടെ പണം കുട്ടിയുടെ കൈവശം എത്തിയതു സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാളുടെ മുത്തശിയുടെ മോതിരം എടുത്ത് പണയം വച്ചതാണെന്നു വ്യക്തമായി. 10,000 രൂപ ഇതിലൂടെ ലഭിച്ചു.
പത്താംക്ലാസ് പരീക്ഷയുടെ അവസാനദിവസം ആഘോഷങ്ങൾ കർശനമായി വിലക്കിയിരുന്നെങ്കിലും ഇതിനായി ശേഖരിച്ച പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് കുട്ടികൾ ആദ്യം പറഞ്ഞത്.
മറ്റു കുട്ടികളോടു വിവരങ്ങൾ ആരാഞ്ഞെങ്കിലും പണപ്പിരിവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാതെ വന്നതോടെയാണ് വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നത്. ഇതിനിടെ കുട്ടികളെ കൗൺസലിംഗിനു വിധേയമാക്കണമെന്ന രക്ഷിതാക്കളുടെ അഭ്യർഥന മാനിച്ച് അടുത്തയാഴ്ച ആറന്മുള സ്റ്റേഷനിൽ എത്താൻ നിർദേശിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.