മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ
Friday, March 28, 2025 12:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിച്ച് 26ന് അവസാനിക്കും.
രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിർണയം. ആദ്യഘട്ട മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ 11 വരേയും രണ്ടാം ഘട്ടം 21 മുതൽ 26 വരെയും നടത്തും.
പരീക്ഷാ ഭവനിൽ ഉൾപ്പെടെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പുകളാണ് ഒരുക്കിയിട്ടുള്ളത്. എസ്എസ്എൽസിക്ക് പുറമേ ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ) പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയവും ഇതേ ദിവസങ്ങളിലാണ് നടക്കുക.
950 അഡീഷണൽ ചീഫ് എക്സാമിനർമാരെയും 9000 എക്സാമിനർമാരെയും 72 ഐ.ടി മാനേജർമാരെയും 144 ഡേറ്റാ എൻട്രി ജീവനക്കാരെയും 216 ക്ലറിക്കൽ ജീവനക്കാരെയും 72 ക്യാന്പുകളിലായി നിയമിക്കും.