ഹയർസെക്കൻഡറിക്ക് പുതിയ ബാച്ചുകൾ വേണ്ടെന്ന് ഉത്തരവ്
Friday, March 28, 2025 12:36 AM IST
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ സംസ്ഥാനത്ത് പുതുതായി പ്ലസ് വണ് ബാച്ചുകൾ അനുവദിക്കേണ്ടെന്നു വിദ്യാഭ്യാസ വകുപ്പ്.
അടുത്ത അധ്യയന വർഷത്തെ ഹയർസെക്കൻഡറി മേഖലയിലെ സീറ്റുകളുടെ ആവശ്യകത സംബന്ധിച്ച് റീജണൽതല കമ്മിറ്റികൾ സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാനതല സമിതി പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശ അംഗീകരിച്ചാണ് പുതുതായി ബാച്ചുകൾ അനുവദിക്കേണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
വിവിധ റീജണുകളിൽ നിന്ന് ലഭിച്ച റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഈ അധ്യയന വർഷം 10000 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നു വ്യക്തമാക്കുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 8000 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. തുടർച്ചയായ വർഷങ്ങളിൽ 25-ൽ താഴെ വിദ്യാർഥികൾ മാത്രമുള്ള 19 ബാച്ചുകൾ പത്തനംതിട്ടയിലും 211 ബാച്ചുകൾ ആലപ്പുഴയിലും നില്ക്കുന്നതായാണ് റിപ്പോർട്ട്.
കോട്ടയം ആർഡിഡി റിപ്പോർട്ട് പ്രകാരം ജില്ലയിൽ 2024-25 വർഷം 2997 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്പോൾ ഇടുക്കിയിൽ 1671 സീറ്റുകളാണ് വിദ്യാർഥികൾ പ്രവേശനം നേടാതെ കിടക്കുന്നത്.
എറണാകുളത്ത് 25-ൽ താഴെ വിദ്യാർഥികൾ പഠിക്കുന്ന 16 ബാച്ചുകളും തൃശൂരിൽ ഇത്തരത്തിൽ നാലു ബാച്ചുകളും ഉണ്ട്. 6743 സീറ്റുകളാണ് ഈ ജില്ലകളിൽ വിദ്യാർഥി പ്രവേശനം ഇല്ലാതെ കിടക്കുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളിലായി 3330 സീറ്റുകളിൽ ഈ അധ്യയന വർഷം വിദ്യാർഥികൾ പ്രവേശനം നേടിയിട്ടില്ല.
കോഴിക്കോട് 3175 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്പോൾ കണ്ണൂരിൽ 1419ഉം കാസർഗോഡ് 1600ഉം സീറ്റുകളിൽ വിദ്യാർഥികൾ പ്രവേശനം നേടിയിട്ടില്ല. ഈ സാഹചര്യത്തിൽ 2025-26 വർഷത്തിൽ ഒരു ഹയർസെക്കൻഡറി ബാച്ചും പ്രാഥമിക ഘട്ടത്തിൽ അനുവദിക്കേണ്ടതില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.