ഗ്രാമങ്ങളിലും ലഹരി പിടിമുറുക്കി, ജാഗ്രത പുലര്‍ത്തണമെന്ന് മാര്‍ കല്ലറങ്ങാട്ട്
Friday, March 28, 2025 3:15 AM IST
കടുത്തുരുത്തി: ഗ്രാമങ്ങളിലും ലഹരി പിടിമുറുക്കിയതായും ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളില്‍ വരെ മാരക ലഹരി എത്തിയെന്നും ഏല്ലാവരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്കൂളിന്റെ നവീകരിച്ച വിദ്യാലയത്തിന്റെ ആശീര്‍വാദവും സമര്‍പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്.
വിവിധ രൂപങ്ങളിലും തരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ലഹരി വ്യാപിക്കുകയാണ്. സമൂഹത്തെ കാര്‍ന്നുതിന്നുകയാണ് ലഹരി.
സ്കൂളുകളില്‍ ലഹരിക്കെതിരേ കുട്ടികള്‍ക്ക് അവബോധം നല്‍കണം. അധ്വാനിക്കാതെ എളുപ്പത്തില്‍ ഏങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിക്കുന്നവര്‍ കണ്ടു പിടിച്ച മാര്‍ഗമാണ് ലഹരി വില്പന. ഇത്തരക്കാര്‍ സമൂഹത്തെയും രാജ്യത്തെയും നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബിഷപ് പറഞ്ഞു.