ഉണ്ണി മുകുന്ദന് മാപ്പു പറഞ്ഞിട്ടില്ലെന്ന് ‘അമ്മ’
Monday, June 9, 2025 3:24 AM IST
കൊച്ചി: നടന് ഉണ്ണി മുകുന്ദന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാറിനെതിരേ നടപടിക്കൊരുങ്ങി ഫെഫ്ക. ഉണ്ണി മുകുന്ദനും വിപിനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതിനു പിന്നാലെ ചര്‍ച്ചയിലെ ധാരണകള്‍ക്കു വിപരീതമായി വിപിന്‍ സ്വകാര്യചാനലിനു തെറ്റായ വിവരങ്ങള്‍ നല്കിയ സാഹചര്യത്തിലാണ് ഫെഫ്ക നടപടിയിലേക്ക് നീങ്ങുന്നത്.
ധാരണാലംഘനം നടത്തിയ സാഹചര്യത്തില്‍ വിപിനുമായി സഹകരിക്കില്ലെന്നും അച്ചടക്കനടപടി സ്വീകരിക്കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് പത്രക്കുറിപ്പില്‍ അറിയിച്ചു.
തര്‍ക്കങ്ങള്‍ പരിഹരിച്ചതായി ശനിയാഴ്ച സിനിമാ സംഘടനകള്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഉണ്ണി മുകുന്ദന് തന്നോടു നിരുപാധികം മാപ്പ് പറഞ്ഞെന്നു വിപിന്‍ സ്വകാര്യ ചാനലിനോടു പറഞ്ഞത്. അതേസമയം ഉണ്ണി മുകുന്ദന് മാപ്പ് പറഞ്ഞിട്ടില്ലെന്ന് താരസംഘടനയായ ‘അമ്മ’യും വ്യക്തമാക്കി.