നമോവാകം സ്മിത്!
Friday, September 13, 2019 11:47 PM IST
ഓവൽ: തുടർച്ചയായ 10-ാം ഇന്നിംഗ്സിലും 50+ സ്കോറുമായി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനു മുന്നിൽ തലയുയർത്തി നിന്നു. സ്മിത്ത് മാത്രം ചെറുത്തുനിന്നപ്പോൾ അഞ്ചാം ആഷസ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ പതുക്കെ മുന്നോട്ട് നീങ്ങി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ 294ൽ അവസാനിച്ചിരുന്നു.
ഇംഗ്ലണ്ടിനായി ജോ റൂട്ട് (57 റണ്‍സ്), ജോസ് ബട്ലർ (70 റണ്‍സ്) എന്നിവർ അർധസെഞ്ചുറി നേടി. ഓസ്ട്രേലിയയ്ക്കായി മിച്ചൽ മാർഷ് അഞ്ചും പാറ്റ് കമ്മിൻസ് മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.
ബൗളർമാർ അരങ്ങു തകർക്കുന്നതാണ് അഞ്ചാം ആഷസിൽ കണ്ടത്. ഇന്നലെ ഒന്നാം ഇന്നിംഗ്സിനായി ഓസ്ട്രേലിയ ക്രീസിലെത്തിയപ്പോൾ ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചർ ആറും സാം കരണ്‍ മൂന്നും വിക്കറ്റ് വീതം സ്വന്തമാക്കി. അതോടെ ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 എന്ന നിലയിലായി ഓസീസ്.
80 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് ഒരറ്റത്ത് പൊരുതിനിന്നെങ്കിലും ഓസ്ട്രേലിയയുടെ സ്കോർ 225 വരെയേ എത്തിയുള്ളൂ.