ബോക്സിംഗ്: കേരളത്തിനു രണ്ട് വെങ്കലം
Saturday, December 7, 2019 11:56 PM IST
കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മെഡൽ ഉറപ്പിച്ചെങ്കിലും സ്വർണം ലക്ഷ്യമാക്കിയായിരുന്നു കേരളത്തിന്റെ മൂന്ന് വനിതാതാരങ്ങൾ സെമിഫൈനൽ മത്സരത്തിനായി ഇന്നലെ റിംഗിലിറങ്ങിയത്. 48 കിലോ വിഭാഗത്തിൽ അഞ്ജു സാബു ചുവപ്പ് ജഴ്സിയിൽ റിംഗിലേക്ക് ഇറങ്ങിയപ്പോൾ ‘കേരളം...കേരളം’ എന്ന ആർപ്പുവിളികൾ ഗാലറിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. എതിരാളി ദേശീയ ജൂണിയർ മത്സരങ്ങളിലെ മെഡൽജേതാവുകൂടിയായ ഓൾ ഇന്ത്യാ പോലീസിലെ കെ. ബിനാ ദേവിയായിരുന്നു. ശക്തമായ പോരാട്ടത്തിൽ 3-2 നാണ് അഞ്ജുവിന് അടിയറവ് പറയേണ്ടിവന്നത്.
സ്വർണമെഡൽ പ്രതീക്ഷയുമായി 81 പ്ലസ് ഹെവി വെയ്റ്റ് വിഭാഗത്തിൽ കേരളത്തിന്റെ പി.എം. അനശ്വരയും റിംഗിൽ ഇറങ്ങിയെങ്കിലും ഹരിയാനയുടെ അനുപമയോട് പരാജയപ്പെട്ടു.
എന്നാൽ 75 കിലോ വിഭാഗത്തിൽ കേരളത്തിന്റെ കെ.എ. ഇന്ദ്രജ ഉത്തർപ്രദേശിന്റെ ഇമ്രോസ് ഖാനെ 4-1 ന് ഇടിച്ചിട്ട് ഫൈനലിൽ കടന്നു. ഇന്നു നടക്കുന്ന ഫൈനലിൽ ഹരിയാനയുടെ നുപൂർ ആണ് ഇന്ദ്രജയുടെ എതിരാളി. കേരളത്തിന് രണ്ട് വെങ്കലമാണ് ഇന്നലെ ലഭിച്ചത്. ഇന്നു നടക്കുന്ന ഫൈനലിൽ റെയിൽവേയുടെ എട്ട് താരങ്ങൾ റിംഗിലിറങ്ങും. ഹരിയാനയുടെ അഞ്ചു താരങ്ങളും മത്സരിക്കുന്നുണ്ട്.
റെനീഷ് മാത്യു