ബ്യൂട്ടിഫുൾ ഗിൽ...
Monday, September 28, 2020 12:42 AM IST
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയപ്പോൾ കളിയുടെ താരമായത് ഇരുപത്തൊന്നുകാരനായ ശുഭ്മാൻ ഗിൽ. 62 പന്തിൽനിന്ന് രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 112.90 ശരാശരിയിൽ ഗില്ലടിച്ചത് പുറത്താകാതെ 70 റണ്‍സ്.
ഗില്ലിന്റെ ബാറ്റിംഗ് കാണാൻ അതിമനോഹരമാണെന്നു മത്സരത്തിനുശേഷം സഹതാരം ഇയോണ്‍ മോർഗൻ പ്രശംസിച്ചു. ഇംഗ്ലണ്ടിലെ കന്നി ഏകദിന ലോകകപ്പ് ജയത്തിലേക്കു നയിച്ച മോർഗൻ ആയിരുന്നു നൈറ്റ് റൈഡേഴ്സിന്റെ ജയത്തിൽ ഗില്ലിനൊപ്പം കൂടെയുണ്ടായിരുന്നത്. 29 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 42 റണ്‍സുമായി പുറത്താകാതെനിന്ന മോർഗൻ, ഗില്ലിനൊപ്പം നാലാം വിക്കറ്റിൽ 92 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ടുണ്ടാക്കി. 143 റണ്‍സ് എന്ന ലക്ഷ്യം 18 ഓവറിൽ മറികടക്കാൻ കോൽക്കത്തയെ സഹായിച്ചത് ഇവരായിരുന്നു.
ഗില്ലിനൊപ്പം ബാറ്റ് ചെയ്യാൻ വീണ്ടും ആഗ്രഹിക്കുന്നു. അവൻ ബാറ്റ് ചെയ്യുന്നതു കാണുന്നതുതന്നെ മനോഹരമാണ്. ബാറ്റ് വീശുന്നതിൽ ഒരു പ്രത്യേക സ്റ്റൈലുണ്ട്- മോർഗൻ പറഞ്ഞു.
ബുധനാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണു കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അടുത്ത മത്സരം. രണ്ട് മത്സരം പൂർത്തിയാക്കിയ കോൽക്കത്തയുടെ ആദ്യ ജയമാണ്.