വിശപ്പടക്കി ; ഹംഗറി ഫ്രാൻസിനെ സമനിലയിൽ കുടുക്കി
Sunday, June 20, 2021 12:53 AM IST
ബുഡാപെസ്റ്റ് (ഹംഗറി): ലോക ചാന്പ്യന്മാരെന്ന തലക്കനവുമായെത്തിയ ഫ്രാൻസിനെ ഹാംഗറിൽ തൂക്കിയിട്ട് ഹംഗറി. യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽ ഹംഗറിക്കു മുന്നിൽ 1-1 സമനില വഴങ്ങി ഫ്രാൻസ്. അതോടെ ഗ്രൂപ്പിൽ പോയിന്റ് നേടാനുള്ള ഹംഗറിയുടെ ഹംഗറിനു ശമനം. അറ്റില ഫിയോളയുടെ (45+2’) ഗോളിൽ മുന്നിൽകടന്ന ഹംഗറിയെ ആൻത്വാൻ ഗ്രീസ്മാനിലൂടെ (66’) ഫ്രാൻസ് സമനിലയിൽ പിടിക്കുകയായിരുന്നു. മരണ ഗ്രൂപ്പ് എന്ന വിശേഷണമുള്ള എഫിൽ സ്ഥിതിഗതികൾ പ്രവചനാതീതമാക്കുന്നതാണ് ഹംഗറിയുടെ ജയത്തോളം വിലപിടിപ്പുള്ള സമനില.
കളിയുടെ ഒഴുക്കിന് എതിരായായിരുന്നു ആദ്യ പകുതിയുടെ അധിക സമയത്ത് ഫിയോളയുടെ ഗോൾ. പന്ത് ക്ലിയർ ചെയ്യുന്നതിൽ ഫ്രഞ്ച് ഡിഫൻഡർ ബെഞ്ചമിൻ പവാർഡ് വരുത്തിയ പിഴവ് മുതലെടുത്ത് റോളണ്ട് സല്ലായ് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ.
57-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെ ഇറങ്ങിയതോടെ ഫ്രാൻസ് കൂടുതൽ കരുത്താർജിച്ചു. ഡെംബെലെ ഇറങ്ങിയതോടെ 4-3-3 ശൈലിയിൽനിന്ന് 4-2-4 ലേക്ക് ഫ്രാൻസ് ചുവടു മാറി. 66-ാം മിനിറ്റിൽ അതിന്റെ ഫലമെത്തി. ഫ്രഞ്ച് ബോക്സിൽ നിന്ന് ഗോളി ഹ്യൂഗോ ലോറിസ് നീട്ടിനൽകിയ പന്ത് സ്വീകരിച്ച് എംബാപ്പെ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. എംബാപ്പെ നൽകിയ പാസ് ഗ്രീസ്മാൻ അനായാസം വലയിലെത്തിച്ചു. യൂറോ കപ്പിൽ ഗ്രീസ്മാന്റെ ഏഴാം ഗോളായിരുന്നു. നീണ്ട 45 വർഷത്തിനുശേഷമാണ് ഫ്രാൻസിനെതിരേ ഹംഗറി തോൽവി ഒഴിവാക്കുന്നത്.