പരന്പര നേടാൻ ധവാൻ സംഘം
Monday, July 19, 2021 11:22 PM IST
കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യൻ ടീം ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ, ജയം തുടർന്ന് പരന്പര സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം ആരംഭിക്കുക.
ശിഖർ ധവാന്റെ ക്യാപ്റ്റൻസിയിലും രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിലും ആദ്യ ജയം സ്വന്തമാക്കിയ ത്രില്ലിലാണ് ടീം ഇന്ത്യ. ലങ്ക മുന്നോട്ടുവച്ച 263 റണ്‍സ് എന്ന ലക്ഷ്യം 36.4 ഓവറിൽ ഇന്ത്യ അടിച്ചെടുത്തു. സ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവച്ച (24 പന്തിൽ 43) പൃഥ്വി ഷാ ആയിരുന്നു ഇന്ത്യയുടെ വിജയ ശിൽപ്പി. ധവാൻ ക്യാപ്റ്റന്റെ (86 നോട്ടൗട്ട്) ഇന്നിംഗ്സ് കാഴ്ചവച്ചിരുന്നു. ഏകദിനത്തിൽ ലങ്കയുടെ തുടർച്ചയായ മൂന്നാം തോൽവിയായിരുന്നു പ്രേമദാസ സ്റ്റേഡിയത്തിലേത്. തുടർ തോൽവിയിൽനിന്നു മുക്തി നേടുകയാണു ലങ്കയുടെ ലക്ഷ്യം.