ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള നാലാം ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യക്കു ജയം
Friday, June 17, 2022 11:39 PM IST
രാജ്കോട്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരന്പരയിലെ നിർണായകമായ നാലാം മത്സരത്തിൽ ഇന്ത്യക്കു ജയം. 82 റണ്‍സിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരന്പര വിജയികളാരെന്നു നാളെ നടക്കുന്ന മത്സരത്തിൽ തീരുമാനമാകും.
170 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 16.5 ഓവറിൽ 87 റണ്‍സിന് എല്ലാവരും പുറത്തായി. നാല് ഓവറിൽ 18 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. യുസ്വേന്ദ്ര ചാഹൽ രണ്ടും അക്ഷർ പട്ടേലും ഹർഷൽ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി.
ഇത്തവണയും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുക്കേണ്ടി വന്ന ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 169 റണ്‍സെടുത്തു. മുൻനിര പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഹാർദിക് പാണ്ഡ്യ-ദിനേഷ് കാർത്തിക് സഖ്യമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയ 65 റണ്‍സാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്. 27 പന്തിൽ നിന്ന് രണ്ട് സിക്സും ഒന്‍പത് ഫോറുമടക്കം 55 റണ്‍സെടുത്ത കാർത്തിക്ക് അവസാന ഓവറിലാണ് പുറത്തായത്. 31 പന്തുകൾ നേരിട്ട പാണ്ഡ്യ മൂന്ന് വീതം സിക്സും ഫോറുമടക്കം 46 റണ്‍സെടുത്തു.
ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ ഋതുരാജ് ഗെയ്ക്വാദിനെ (5) നഷ്ടമായി. തൊട്ടടുത്ത ഓവറിൽ ശ്രേയസ് അയ്യരെ (4) വിക്കറ്റിന് മുന്നിൽ കുടുക്കി മാർക്കോ യാൻസൻ ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യൻ സ്കോർ 40ലെത്തിയപ്പോൾ ഇഷാനും (26 പന്തിൽ 27) പുറത്തായി. ഇതോടെ ഇന്ത്യ മൂന്നിന് 40 റണ്‍സെന്ന നിലയിലായി. പിന്നാലെ ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ഋഷഭ് പന്ത് -ഹാർദിക് പാണ്ഡ്യ സഖ്യം സ്കോർ ചെയ്യാൻ ബുദ്ധിമുട്ടി. നാലാം വിക്കറ്റിൽ 40 പന്തിൽ 41 റണ്‍സ് നേടാനേ ഈ സഖ്യത്തിനായുള്ളൂ. ബാറ്റിംഗിൽ വീണ്ടും നിരാശപ്പെടുത്തിയ പന്ത് (23 പന്തിൽ 17) ഇത്തവണയും ദക്ഷിണാഫ്രിക്കയുടെ ഓഫ്സൈഡ് കെണിയിൽ വീണു. പിന്നാലെ ക്രീസിൽ ഒന്നിച്ച പാണ്ഡ്യ-കാർത്തിക്ക് സഖ്യമാണ് ഇന്ത്യൻ ആരാധകർ മത്സരത്തിൽ ആഹ്ലാദിക്കാനുള്ള വക നൽകിയത്. ലുംഗി എൻഗിഡി രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയുടെ തുടക്കം മികച്ചതായിരുന്നു. സ്കോർ 20ലെത്തിയപ്പോൾ ക്യാപ്റ്റൻ ടെംബ ബൗമ (8) പരിക്കേറ്റത് മടങ്ങിയത് തിരിച്ചടിയായി. വൈകാതെതന്നെ ക്വിന്റണ്‍ ഡി കോക് (14) റണ്ണൗട്ടാകുക കൂടി ചെയ്തു. അടുത്ത ഓവറിൽ ഡ്വെയ്ൻ പ്രിട്ടോറിയസിനെ ആവേശ് ഖാൻ പൂജ്യനായി മടക്കി.
റാസി വാൻ ഡെർ ഡസൻ- ഹെന്റിച്ച് ക്ലാസൻ സഖ്യം ശക്തമാകും മുന്‍പേ ചാഹൽ ഈ സഖ്യം പൊളിച്ചു. ക്ലാസനെ (8) വിക്കറ്റിനു മുന്നിൽ കുരുക്കി. ഡേവിഡ് മില്ലറെ (9) കൂടുതൽ നേരം ക്രീസിൽ നില്ക്കാൻ അനുവദിക്കാതെ ഹർഷൽ പട്ടേൽ വിക്കറ്റ് തെറിപ്പിച്ചു.
ഡസനും (20) യാൻസനും (12) ചെറിയയൊരു പ്രതീക്ഷ നൽകി. എന്നാൽ ഒരേ ഓവറിൽ രണ്ടുപേരെയും വീഴ്ത്തി ആവേശ് ഖാൻ മത്സരം ഇന്ത്യക്കൊപ്പമാക്കി. പിന്നീടുള്ള വിക്കറ്റ് വീഴ്ചകളെല്ലാം പെട്ടെന്നായതോടെ ഇന്ത്യ 82 റണ്‍സിന്റെ തകർപ്പൻ ജയം സ്വന്തമാക്കി.