മെസിയുടെ പേരിൽ ആരാധകരുടെ കെെയ്യാങ്കളി
Friday, November 25, 2022 12:37 AM IST
ദോഹ: സൂപ്പർ താരം ലയണൽ മെസിയുടെ പേരിൽ അർജന്റൈൻ ആരാധകരും മെക്സിക്കൻ ആരാധകരും തമ്മിൽ കൈയ്യാങ്കളി.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള സാമൂഹിക ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഫ രൂപകൽപ്പനചെയ്ത ദോഹയിലെ അൽ ബിഡ പാർക്കിലുള്ള ഫാൻ സോണിലാണ് ആരാധകർ ഏറ്റുമുട്ടിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി.
സൗദി അറേബ്യയ്ക്ക് എതിരായ തോൽവിയിൽ ലയണൽ മെസിക്ക് എതിരേ ചീത്ത വിളിച്ച് അധിക്ഷേപിച്ചതാണ് അർജന്റൈൻ ആരാധകരെ പ്രകോപിപ്പിച്ചത്. കൈയ്യാങ്കളിയിൽ ആരാധകർക്ക് പരിക്കേറ്റതായും ചികിത്സ ആവശ്യമായി വന്നതായും റിപ്പോർട്ടുണ്ട്.
ഗ്രൂപ്പ് സിയിലാണ് അർജന്റീനയും മെക്സിക്കോയും. നാളെ ഇന്ത്യൻ സമയം രാത്രി 12.30ന് അർജന്റീനയും മെക്സിക്കോയും നേർക്കുനേർ ഇറങ്ങും. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന 1-2ന് സൗദി അറേബ്യയോട് തോറ്റിരുന്നു. മെക്സിക്കോയും പോളണ്ടും തമ്മിൽ ഗോൾ രഹിത സമനിലയായിരുന്നു ഫലം.