ഓവൽ ഓർമ ഒട്ടും ശുഭമല്ല...
Sunday, June 4, 2023 12:18 AM IST
ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിലേക്ക് ഇനിയുള്ളതു വെറും രണ്ടു ദിവസത്തിന്റെ അകലം മാത്രം. ബുധനാഴ്ചയാണ് ഇന്ത്യ x ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ. ഇംഗ്ലണ്ടിലെ ദ ഓവലിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നു മത്സരം ആരംഭിക്കും.
ഇന്ത്യ തുടർച്ചയായ രണ്ടാം ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലാണു കളിക്കുന്നത്. കന്നി ഫൈനലിൽ ന്യൂസിലൻഡിനു മുന്നിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇത്തവണയും ഫൈനലിൽ തലകുനിക്കാതിരിക്കാനുള്ള തയാറെടുപ്പാണു രോഹിത് ശർമയും സംഘവും നടത്തുന്നത്.
ചരിത്രം അനുകൂലമല്ല
ഓവലിൽ ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും അത്ര സുഖകരമായ ചരിത്രമല്ല ഉള്ളത് എന്നതാണു ശ്രദ്ധേയം. ഐസിസി ലോക ഒന്നാം നന്പർ ടീമാണ് ഇന്ത്യ, രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയ ഫൈനലിനിറങ്ങുന്നത്.
ഇന്ത്യയിൽവച്ച് അരങ്ങേറിയ ബോർഡർ-ഗാവസ്കർ ട്രോഫിയിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്. 2-1ന് ഇന്ത്യ പരന്പര നേടിയിരുന്നു. എന്നാൽ, പേസർ ജസ്പ്രീത് ബുംറ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവരുടെ പരിക്ക് ഇന്ത്യൻ ടീമിന്റെ ശക്തി ക്ഷയിപ്പിക്കുന്നതാണ്.
അതേസമയം, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, ഡേവിഡ് വാർണർ, മാർക്കസ് ലബൂഷെയ്ൻ, സ്റ്റീവ് സ്മിത്ത്, നഥാൻ ലിയോണ്‍ തുടങ്ങിയ ഒന്നാംനിര കളിക്കാരുമായാണ് ഓസ്ട്രേലിയ എത്തുന്നത്.
ഓവലിൽ തോൽവി
ഓവലിൽ ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും ജയത്തേക്കാൾ കൂടുതൽ തോൽവിയാണു നേരിട്ടിട്ടുള്ളത്. ഓസ്ട്രേലിയ ഓവലിൽ 38 ടെസ്റ്റ് കളിച്ചതിൽ 17 എണ്ണത്തിൽ തോൽവി വഴങ്ങി. ഇന്ത്യ 14 ടെസ്റ്റ് ഓവലിൽ കളിച്ചപ്പോൾ അഞ്ചെണ്ണത്തിൽ പരാജയം രുചിച്ചു.
ഇന്ത്യക്കു വെറും രണ്ടും ഓസ്ട്രേലിയയ്ക്ക് ഏഴും ജയം മാത്രമാണ് ഓവലിൽ ഇക്കാലമത്രയുമായി നേടാൻ സാധിച്ചത്. 2021ൽ ഇംഗ്ലണ്ടിനെതിരേ 157 റണ്‍സിന്റെ ചരിത്ര ജയം നേടിയാണ് ഓവലിൽ ഇന്ത്യയുടെ 40 വർഷത്തിനിടയിലെ ആദ്യജയം. 2014ൽ 94ഉം 1952ൽ 98നും പുറത്തായ ചരിത്രവും ഓവലിൽ ഇന്ത്യക്കുണ്ട്.
സ്മിത്ത്, രോഹിത്
ഇരുടീമിലെയും കളിക്കാരിൽ ഓവലിൽ മികച്ച ബാറ്റിംഗ് റിക്കാർഡുള്ളത് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനാണ്. ഓവലിൽ മൂന്നു ടെസ്റ്റ് കളിച്ചതിൽ 97.75 ആണു സ്മിത്തിന്റെ ശരാശരി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന് ഒരു ഇരട്ടസെഞ്ചുറി ഉൾപ്പെടെ 110.75 ശരാശരിയുണ്ടെന്നതും ചരിത്രം.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ടെസ്റ്റിലെ ആദ്യ വിദേശ സെഞ്ചുറി നേടിയത് 2021ൽ ഓവലിലാണ്. 2018ൽ കെ.എൽ. രാഹുലും ഋഷഭ് പന്തും ഇവിടെ സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാൽ, ഇരുവരും ഇന്ത്യൻ ടീമിനൊപ്പം ഫൈനൽ പോരാട്ടത്തിന് ഇല്ലെന്നതും ശ്രദ്ധേയം.
ഓവൽ ചരിത്രം
ടീം ടെസ്റ്റ് ജയം തോൽവി സമനില
ഇന്ത്യ 14 2 5 7
ഓസ്ട്രേലിയ 38 7 17 14