ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനൽ ഇന്ന്
Saturday, June 10, 2023 12:14 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ 2023 സീസണ് വനിതാ സിംഗിൾ ജേതാവിനെ ഇന്നറിയാം. ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് റോളങ് ഗാരോസിൽ വനിതാ സിംഗിൾസ് ഫൈനൽ അരങ്ങേറും. ലോക ഒന്നാം നന്പർ താരം പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കും ചെക് റിപ്പബ്ലിക്കിന്റെ 43-ാം റാങ്കുകാരിയായ കരോളിന മുചോവയും തമ്മിലാണു കിരീടപോരാട്ടം.
ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ രണ്ടാമത്തെയും ആകെ മൂന്നാമത്തെയും സിംഗിൾസ് കിരീടത്തിനായാണ്, ഇരുപത്തിരണ്ടുകാരിയായ ഇഗ ഷ്യാങ്ടെക് കോർട്ടിൽ എത്തുന്നത്. 2020, 2022 സീസണിലും ഫ്രഞ്ച് ഓപ്പണിൽ ഇഗ ഷ്യാങ്ടെക്കായിരുന്നു ചാന്പ്യൻ.
കരിയറിലെ നാലാം ഗ്രാൻസ്ലാം (ഫ്രഞ്ച് ഓപ്പണ്‍ 2020, 2022, യുഎസ് ഓപ്പണ്‍ 2022) കിരീടമാണു പോളിഷ് സുന്ദരി ലക്ഷ്യംവയ്ക്കുന്നത്. സെമിയിൽ ബ്രസീലിന്റെ 14-ാം സീഡായ ബിയാട്രിസ് ഹഡാഡ് മയിയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ഇഗ ഷ്യാങ്ടെക് ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. സ്കോർ: 6-2, 7-6 (9-7). ചാന്പ്യൻഷിപ്പിൽ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ഇഗ ഫൈനലിൽവരെ എത്തിയതെന്നതും ശ്രദ്ധേയം.
അതേസമയം, രണ്ടാം സീഡായ ബെലാറൂസിന്റെ അരിന സബലെങ്കയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണു ചെക് റിപ്പബ്ലിക്കിന്റെ കരോളിന മുചോവ ഫൈനൽ ടിക്കറ്റെടുത്തത്. 7-6 (7-5), 6-7 (5-7), 7-5നായിരുന്നു മുചോവയുടെ സെമി ജയം. ചെക് താരത്തിന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനൽ പ്രവേശമാണിത്.