കോഹ്ലി x വെല്ലലേഗ് സൂപ്പർ ഓവറിൽ ഇന്ത്യൻ ടീമിനെ ഒന്നടങ്കം ഞെട്ടിച്ച യുവ സ്പിന്നറാണ് ദുനിത് വെല്ലലേഗ്. ഇന്ത്യക്കെതിരായ സൂപ്പർ ഫോറിൽ 40 റണ്‍സിന് അഞ്ച് വിക്കറ്റ് യുവതാരം സ്വന്തമാക്കി. മൂന്ന് റണ്‍സ് എടുത്തുനിൽക്കെ വിരാട് കോഹ്ലിയുടെ വിക്കറ്റും വെല്ലലേഗ് വീഴ്ത്തി. ഇടംകൈ സ്പിന്നർമാർക്കെതിരേ കോഹ്ലിക്ക് അത്രനല്ല ട്രാക്ക് റിക്കാർഡ് അല്ല. ഇടംകൈ സ്പിന്നർമാർക്ക് മുന്നിൽ 97 ഇന്നിംഗ്സിൽ 22 തവണ കോഹ്ലി പുറത്തായിട്ടുണ്ട്. ഈ വർഷം എട്ട് ഏകദിനത്തിൽ നാല് തവണയും സ്പിന്നർമാർക്ക് മുന്നിലാണ് കോഹ്ലി വീണത്.
ഗിൽ x രജിത ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോറിൽ സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ഫോം തുടരാനുള്ള തയാറെടുപ്പിലായിരിക്കും. ടൂർണമെന്റിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെ 275 റണ്‍സുമായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയതാരമാണ് ഗിൽ. പവർപ്ലേയിൽ കസണ്‍ രജിതയാണ് ഗില്ലിന്റെ പ്രധാന എതിരാളി. നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഒരു പ്രാവശ്യം ഗില്ലിനെ രജിത പുറത്താക്കി.
ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നത് ഇത് എട്ടാം തവണ. ഇതുവരെ നടന്ന ഏഴ് ഫൈനൽ ഏറ്റുമുട്ടലുകളിൽ നാല് തവണ ഇന്ത്യയും മൂന്ന് പ്രാവശ്യം ശ്രീലങ്കയും ജയിച്ചു. ഏഷ്യ കപ്പ് ഫൈനൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ നടന്ന ഫൈനലും ഇന്ത്യ x ശ്രീലങ്കയാണ്. ഏഷ്യ കപ്പിൽ ഇന്ത്യ ഏഴ് (ആറ് പ്രാവശ്യം ഏകദിനം, ഒരു വട്ടം ട്വന്റി-20) തവണ ചാന്പ്യന്മാരായി.