യുവേഫ ചാമ്പ്യന്‍സ് ലീഗ് 2023-24 സീസണിന് ഇന്ന് കിക്കോഫ്
Tuesday, September 19, 2023 12:14 AM IST
മിലാന്/പാരീസ്/മാഞ്ചസ്റ്റര്‍: 2023-24 സീസണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്. യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ ഇന്നും നാളെയുമായി ആദ്യ റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തിന് മൈതാനത്തെത്തും.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് കളത്തിലുണ്ട്. സെര്‍ബിയന്‍ ക്ലബ്ബായ സെര്വെന സ്വെസ്ദയാണ് പെപ് ഗ്വാര്‍ഡിയോളയുടെ ശിക്ഷണത്തില്‍ ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്താന്‍ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ എതിരാളി.
മാഞ്ചസ്റ്റര്‍ സിറ്റി ഇതാദ്യമായാണ് സ്വെസ്ദയുമായി ഏറ്റുമുട്ടുന്നത്. ഒരു സെര്‍ബിയന്‍ ടീമിനെതിരേ സിറ്റി കളിക്കുന്നതും ഇതാദ്യം. സെര്‍ബിയന്‍ ടീം ഒരു യൂറോപ്യന്‍ ചാമ്പ്യനെതിരേ കളിക്കുന്നതും ചരിത്രത്തില്‍ ആദ്യമായാണ്. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ ലൈപ്സിഗും യംഗ് ബോയ്സും ഏറ്റുമുട്ടും.
മരണപ്പോര്
ഇത്തവണത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മരണഗ്രൂപ്പ് എന്ന വിശേഷണം ലഭിച്ചത് ഗ്രൂപ്പ് എഫിന്. ഫ്രഞ്ച് കരുത്തരായ പിഎസ്ജി (പാരീസ് സെന്റ് ജെര്മയ്ന്), ജര്‍മനിയിലെ പോരാളികളായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ഇറ്റാലിയന്‍ പാരമ്പര്യ സംഘമായ എസി മിലാന്, ഇംഗ്ലീഷ് ചരിത്രം സൂക്ഷിക്കുന്ന ന്യൂകാസില്‍ യുണൈറ്റഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫില്‍.
ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.15ന് നടക്കുന്ന മത്സരത്തില്‍ എസി മിലാനും ന്യൂകാസിലും കൊമ്പുകോര്‍ക്കും. ചാമ്പ്യന്‍ഷിപ്പില്‍ മിലാനും ന്യൂകാസിലും ഏറ്റുമുട്ടുന്നത് ആദ്യമായാണ്. ന്യൂകാസില്‍ മൈതാനത്താണ് മത്സരം.
ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് പിഎസ്ജി സ്വന്തം തട്ടകത്തില്‍ ഡോര്‍ട്ട്മുണ്ടിനെതിരേ ഇറങ്ങും. 2019-20 സീസണിനുശേഷം ചാമ്പ്യന്‍സ് ലീഗില്‍ ഇരുടീമും നേര്‍ക്കുനേര്‍വരുന്ന മത്സരമാണ്. 16-ാം തവണയാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നത്.
ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കളിച്ച ഫ്രഞ്ച് ടീം എന്നതില്‍ ലിയോണിനൊപ്പവും പിഎസ്ജിയെത്തി. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ തുടര്‍ച്ചയായ 12-ാം സീസണ് ആണിത്.