പാക്കിസ്ഥാനെ കീഴടക്കി സ്ക്വാഷ് മധുരം
Sunday, October 1, 2023 12:43 AM IST
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിലൂടെ ഇന്ത്യക്ക് മെഡൽ മധുരം. സ്ക്വാഷ് പുരുഷ ടീം ഇനത്തിൽ ഇന്ത്യ സ്വർണത്തിൽ മുത്തമിട്ടു.
സൗരവ് ഘോഷാൽ, മഹേഷ് മങ്കോങ്കർ, അഭയ് സിംഗ്, ഹരീന്ദർ പാൽ സന്ധു എന്നവരടങ്ങിയ ടീമാണ് ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. ഫൈനലിൽ പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ സ്വർണം എന്നത് ഇരട്ടിമധുരമായി.
വാശിയേറിയ പോരാട്ടത്തിൽ പാക്കിസ്ഥാനെ ഇന്ത്യ 2-1നു ഫൈനലിൽ കീഴടക്കി. ലീഗ് റൗണ്ടിലെ തോൽവിക്കുള്ള പകരം വീട്ടലായിരുന്നു സൗരവ് ഘോഷാലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഫൈനലിൽ നടത്തിയത്.
പൂൾ എയിൽ പാക്കിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യ നാല് ജയവും ഒരു തോൽവിയുമായി രണ്ടാം സ്ഥാനത്തോടെയും സെമിയിലെത്തി. സെമിയിൽ ഇന്ത്യ 2-0ന് മലേഷ്യയെയും പാക്കിസ്ഥാൻ 2-1ന് ഹോങ്കോംഗിനെയുമാണ് കീഴടക്കിയത്.
നിർണായകമായ മൂന്നാം ഗെയിമിൽ അഭയ് സിംഗ് തീപ്പൊരിപ്പോരാട്ടത്തോടെയാണ് ഇന്ത്യയെ സ്വർണത്തിലെത്തിച്ചത്. 11-7, 9-11, 8-11, 11-9, 12-10നായിരുന്നു അഭയ് സിംഗിന്റെ ജയം.
2014ലും പുരുഷ ടീം ഇനത്തിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.