ഹർമൻപ്രീത് സിംഗ് പാരീസ് ഒളിന്പിക്സിൽ നേടുന്ന പതിനൊന്നാമത്തെ ഗോളാണ്. ലീഡ് നേടിയതോടെ ഇന്ത്യ മത്സരത്തിൽ ആധിപത്യം പുലർത്തി. എന്നാൽ, മറുവശത്ത് സമനിലയ്ക്കായി സ്പെയിൻ ആക്രമിച്ചുകൊണ്ടിരുന്നു. 40-ാം മിനിറ്റിൽ സ്പെയിൻ വലകുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.
അവസാന ക്വാർട്ടറിന്റെ തുടക്കത്തിൽ ലീഡ് ഉയർത്താനുള്ള സുവർണാവസരം സുഖ്ജീത് സിംഗ് നഷ്ടമാക്കി. 53-ാം മിനിറ്റിൽ സുഖ്ജീത് ഗ്രീൻകാർഡ് കണ്ടതോടെ അടുത്ത രണ്ടു മിനിറ്റ് ഇന്ത്യക്കു പത്തുപേരായി കളിക്കേണ്ടിവന്നു. 57-ാം മിനിറ്റിൽ ആക്രമണം ശക്തമാക്കി സമനിലയെന്ന ഉദ്ദേശ്യത്തോടെ സ്പെയിൻ ഗോൾകീപ്പറെ പിൻവലിച്ച് പകരമൊരു ഒൗട്ട്ഫീൽഡ് കളിക്കാരനെ ഇറക്കി.
അവസാന മിനിറ്റുകളിൽ തുടർച്ചയായി പെനാൽറ്റി കോർണറുകൾ നേടി സ്പെയിൻ ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ, ഉറച്ചുനിന്ന ശ്രീജേഷ് ഇന്ത്യയുടെ രക്ഷകനായി. 59-ാം മിനിറ്റിൽ സ്പെയിനിന്റെ ശ്രമം മലയാളി ഗോൾകീപ്പറുടെ പാഡിൽ തട്ടിത്തെറിച്ചു. കളി തീരാൻ 60 സെക്കൻഡുള്ളപ്പോൾ സ്പെയിനിനു ലഭിച്ച പെനാൽറ്റി കോർണറും ശ്രീജേഷ് തട്ടിയകറ്റി.
ഗ്രൂപ്പ് ബിയിൽ ശക്തരായ ഓസ്ട്രേലിയ, ബെൽജിയം ടീമുകൾക്കൊപ്പം ഉൾപ്പെട്ട ഇന്ത്യ അഞ്ചു കളിയിൽ മൂന്നു ജയം, ഒരു സമനില, ഒരു തോൽവി എന്നിങ്ങനെ പത്തുപോയിന്റുമായാണ് ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ ബ്രിട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് സെമിയിലെത്തിയത്. സെമിയിൽ ജർമനിയോട് തോറ്റു.