ബ്ളാക്ക്മാന്‍ മാഹിയിലും
Thursday, January 31, 2013 7:31 AM IST
മാഹി: പള്ളൂരിലും ബ്ളാക്ക്മാനെകുറിച്ച് പരാതി ഉയരുന്നു. പന്തക്കലിലെ നവോദയ വിദ്യാലയത്തിന് സമീപത്തെ അല്‍ഫലക്ക് വീട്ടില്‍ ഫൈസലിനെ (39) ബ്ളാക്ക്മാന്‍ എന്ന് സംശയിക്കുന്നയാള്‍ കഴിഞ്ഞ രാത്രി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണു പരാതി.

ചൊവാഴ്ച രാത്രി 12 ഓടെ ചാലക്കര പിഎംടി ഷെഡിനടുത്തുവച്ചായിരുന്നു സംഭവം. ചൊവാഴ്ച രാത്രി കുഞ്ഞിപ്പള്ളിയിലെ സ്റേഷനറി കടയും പൂട്ടി പാലക്കരവഴി പന്തക്കലിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഫൈസല്‍. ചാലക്കര എത്തുമ്പോഴേക്കും ഫൈസലിന്റെ മുന്നില്‍ ഒരു മാരുതി കാര്‍ പോകുന്നുണ്ടായിരുന്നു.

പിഎംടി ഷെഡിനടുത്ത് എത്തിയപ്പോള്‍ എതിര്‍വശത്തു നിന്നും ബൈക്കിലെത്തിയയാള്‍ അടുത്തുവരികയും പിന്നീട് ബൈക്കില്‍ ഫൈസലിനെ പിന്തുടരുകയുമായിരുന്നു. ഇതേതുടര്‍ന്ന് മുന്നിലെ കാറിനെയും മറികടന്ന ഫൈസലിനെ ബ്ളാക്ക്മാനും കാറിനെ മറികടന്ന് പിന്തുടര്‍ന്നങ്കിലും ഫൈസല്‍ തന്റെ ബൈക്ക് അമിതവേഗതയില്‍ ഓടിച്ച് ഇയാളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നുവത്രെ.