മഞ്ചേരി: ജില്ലാ നിയമ സേവന അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടന്ന ദേശീയ ലോക് അദാലത്തിൽ അയ്യായിരത്തിലേറെ കേസുകൾക്ക് തീർപ്പായി. തിരൂർ, പരപ്പനങ്ങാടി, പൊന്നാനി, നിലന്പൂർ, മലപ്പുറം, മഞ്ചേരി താലൂക്കുകളിലായി 12 ബെഞ്ചുകളിലായാണ് അദാലത്ത് നടന്നത്.
ജില്ലയിലെ വിവിധ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്ന പിഴയൊടുക്കി തീർക്കാവുന്ന കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്കിടപാടുകൾ സംബന്ധിച്ച കേസുകൾ, സിവിൽ കേസുകൾ, ഇലക്ട്രിസിറ്റി ഒപികൾ, മറ്റ് വിവിധ കേസുകൾ ഉൾപ്പെടെ എട്ടുകോടിയിലധികം രൂപയുടെ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്.
അഡീഷണൽ ജില്ലാ ജഡ്ജ് എം. തുഷാർ, ജില്ലാ നിയമ സേവന അഥോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ എം. ഷാബിർ ഇബ്രാഹിം എന്നിവർ അദാലത്തിന് നേതൃത്വം നൽകി. ജില്ലാ ജഡ്ജിമാരായ ടി.ജി. വർഗീസ്, കെ.പി. ജോയ്, സുബിത ചിറക്കൽ, ഫാത്തിമ ബീവി,
എസ്. ശ്രീജിത്ത്, എം.പി. ഷൈജൽ, സബ് ജഡ്ജ് ടി.വി. വിൻസി, മുൻസിഫുമാരായ വിഷ്ണു സുഭാഷ്, അശ്വിനി നളിൻ, സി. സാനു എന്നിവർ വിവിധ ബെഞ്ചുകളിൽ കേസുകൾ പരിഗണിച്ചു.